ജനിക്കാനും ജീവിക്കാനുമുള്ള അവകാശസംരക്ഷണം ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് തൃശൂരിൽ പത്തിന്
Thursday, August 8, 2024 1:23 AM IST
തൃശൂർ: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്ന സന്ദേശമുയർത്തി ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് ബഹുജനറാലി സിബിസിഐയുടെ നേതൃത്വത്തിൽ 10നു തൃശൂരിൽ നടത്തും. ആഗോളതലത്തിൽ അമേരിക്കയിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും എല്ലാവർഷവും നടത്തിവരുന്ന റാലി ഇന്ത്യയിൽ 2022ൽ ഡൽഹിയിലും 2023ൽ പുനെയിലുമാണ് നടത്തിയത്.
എംടിപി ആക്ടിന്റെ മറവിൽ പ്രതിവർഷം 1.66 കോടി ഗർഭസ്ഥശിശുക്കളെ ഇല്ലാതാക്കുന്നു എന്നാണു കണക്ക്. കൊലപാതകം, ആത്മഹത്യ, വംശഹത്യ, വ്യക്തിഹത്യ, മദ്യം, മയക്കുമരുന്നുകൾ, യുദ്ധം, പരിസരമലിനീകരണം, പ്രകൃതിയെ നശിപ്പിക്കൽ തുടങ്ങിയവയെല്ലാം ജീവനെ നശിപ്പിക്കുന്ന പ്രവണതകളാണ്. മാർച്ച് ഫോർ ലൈഫ് ജീവനെതിരേയുള്ള സമസ്തമേഖലകളെയും പ്രതിരോധിച്ച് ജീവന്റെ സംസ്കാരം രൂപപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നതാണെന്നു വർക്കിംഗ് ചെയർമാൻ റവ.ഡോ. ഡെന്നി താണിക്കൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിനു പുറത്തുള്ള രൂപതകളിലെ പ്രതിനിധികൾക്കായി രാവിലെ 8.15നും കേരളത്തിൽനിന്നുള്ളവർക്ക് ഒന്‍പതിനും രജിസ്ട്രേഷൻ ആരംഭിക്കും. 9.30ന് സെമിനാറുകൾ ആരംഭിക്കും. ‘ജീവനിഷേധത്തിന്റെ കാണാപ്പുറങ്ങളും കാലഘട്ടം ഉയർത്തുന്ന ഭയാനകമായ വെല്ലുവിളികളും’ എന്ന വിഷയത്തിൽ ഡോ. ഏബ്രഹാം ജേക്കബ് സെമിനാർ നയിക്കും. 11 ന് ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ വിവിധ ഭാഷകളിലുള്ള പ്രാർഥനകളോടെ ദിവ്യബലി അർപ്പിക്കും.
ഉച്ചയ്ക്ക് 1.30നു ജീവന്റെ മൂല്യം ഉയർത്തിക്കാട്ടുന്ന നാടകം. രണ്ടിനു പൊതുസമ്മേളനത്തിൽ പോണ്ടിച്ചേരി ആർച്ച്ബിഷപ്പും കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇന്ത്യ എപ്പിസ്കോപ്പൽ അഡ്വൈസറുമായ ഡോ. ഫ്രാൻസിസ് കലിസ്റ്റ് അധ്യക്ഷത വഹിക്കും. സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും.
കെസിബിസി വൈസ് പ്രസിഡന്റ് മാർ പോളി കണ്ണൂക്കാടൻ, ഫാമിലി കമ്മീഷൻ ചെയർമാൻ ഡോ. പോൾ ആന്റണി മുല്ലശേരി, വൈസ് പ്രസിഡന്റ് ഡോ. യൂഹന്നാൻ മാർ തിയഡോഷ്യസ്, നാഷണൽ എക്യുമെനിക്കൽ പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ്, കൽദായ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ്, മെയ്റ റോഡ്രിഗസ് (യുഎസ്എ), ഷെവ. സിറിൾ ജോണ്‍ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു ജീവസംരക്ഷണറാലി ആരംഭിക്കും. റാലിക്കുശേഷം അടുത്ത വർഷത്തേക്കുള്ള പതാകകൈമാറ്റവും ജീവസംരക്ഷണത്തിനായി അധികൃതർക്കു മെമ്മോറാണ്ടം സമർപ്പണവും മ്യൂസിക് ബാൻഡും ഉണ്ടാകും.
പരിപാടിയോടനുബന്ധിച്ച് വ്യാകുലമാതാവിന്റെ ബസിലിക്കയിൽ, പിറക്കാതെപോയ ശിശുക്കൾക്കായി സ്മാരകം നിർമിച്ചിട്ടുണ്ട്.
ജനറൽ കണ്‍വീനർ ജെയിംസ് ആഴ്ചങ്ങാടൻ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, പിആർഒ ജോർജ് ചിറമ്മൽ, പബ്ലിസിറ്റി കണ്‍വീനർ ജോജു മഞ്ഞില എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പാർക്കിംഗ്:
വാഹനത്തിൽ വരുന്നവർ കോളജിനടുത്ത് ആളുകളെ ഇറക്കിയശേഷം ലൂർദ്പള്ളി, പുത്തൻപള്ളി ടവർ ഗ്രൗണ്ട്, ബിഷപ്സ് ഹൗസ്, ഡിബിസിഎൽസി, സേക്രഡ് ഹാർട്ട് സ്കൂൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.