കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ.കെ. ലതിക
Monday, June 17, 2024 1:50 AM IST
കോഴിക്കോട്: വിവാദ ‘കാഫിര്‍’ പോസ്റ്റ് ഫേസ്ബുക്കില്‍നിന്നു പിന്‍വലിച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.കെ. ലതിക. ഫേസ്ബുക്ക് പ്രൊഫൈലും ലോക്ക് ചെയ്തു.
ഫേസ്ബുക്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് കാസിം അല്ലെന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പോസ്റ്റ് വ്യാജമാണെന്നു പോലീസ് സ്ഥിരീകരിച്ചിട്ടും സ്ക്രീന്‍ഷോട്ട് തന്റെ ഫേസ്ബുക്കില്‍നിന്നു ലതിക പിന്‍വലിക്കാത്തതിനെതിരേ യുഡിഎഫ് രംഗത്തുവന്നിരുന്നു.
ലതികയ്ക്കെതിരേ കേസെടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്. തെരഞ്ഞെടുപ്പിനു തലേന്ന് വിവാദ കാഫിര്‍ സ്ക്രീന്‍ ഷോട്ട് പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ പേജായ അമ്പാടിമുക്ക് സഖാക്കളിലായിരുന്നു. വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കള്‍ ഡിലീറ്റ് ചെയ്തു. സംഭവം വലിയ വാദപ്രതിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
വിവാദത്തിൽ ഭരണകക്ഷിക്കു വേണ്ടി പോലീസ് ഒത്തുകളിച്ചുവെന്ന ആരോപണമുയർത്തി കോണ്‍ഗ്രസ് പോലീസിനെ നിശിതമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു. കാഫിർ സ്ക്രീൻ ഷോട്ട് പേജിന്റെ ലിങ്കും സ്ക്രീൻഷോട്ടും സഹിതമാണ് കാസിം പോലീസിനു പരാതി നൽകിയിരുന്നത്. കോടതിയുടെ ഇടപെടലിനുശേഷം മാത്രമാണു പോലീസ് വിവാദ പേജ് തപ്പിയിറങ്ങിയതെന്നാണു യുഡിഎഫിന്റെ ആരോപണങ്ങളിലൊന്ന്. യുഡിഎഫ് നിർമിച്ചുവെന്ന് ആരോപിക്കപ്പെട്ട സ്ക്രീൻ ഷോട്ട് ഇടതുനേതാക്കളും പ്രവർത്തകരുമാണ് വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.