ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി ഉപേക്ഷിക്കണം: കെഎൽസിഎ
Monday, June 17, 2024 1:49 AM IST
കൊച്ചി: പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലായി തീറാധാരം ലഭിച്ച് കൈവശാവകാശത്തോടുകൂടി വീട് വച്ചു താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനും ഭൂമി ക്രയവിക്രയം ചെയ്യുന്നതിനും ഉള്‍പ്പെടെ സാധാരണ ഭൂവുടമകള്‍ക്കുള്ള എല്ലാ അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് ആവശ്യപ്പെട്ടു. പുരയിടം നഷ്ടമാകുമെന്ന ആശങ്കയില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനസമിതി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു.
പള്ളിപ്പുറത്തെ 650 ഓളം കുടുംബങ്ങളുടെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍നിന്ന് വഖഫ് ബോര്‍ഡ് പിന്തിരിയണം. അതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്താന്‍ സംസ്ഥാന ഭരണകൂടം മുന്‍കൈയെടുക്കണം. ആശങ്കയില്‍ കഴിയുന്ന കുടുംബങ്ങളുടെ ആശങ്ക മനുഷ്യാവകാശ വിഷയമായി കണ്ട് ഉചിതമായ നടപടികള്‍ കൈക്കൊള്ളാന്‍ വഖഫ് അധികാരികള്‍ തയാറാകണമെന്നും കെഎല്‍സിഎ അഭ്യര്‍ഥിച്ചു.