സൗബിനെ ഇഡി ചോദ്യം ചെയ്തു
Sunday, June 16, 2024 2:08 AM IST
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ നടനും സിനിമയുടെ നിര്‍മാതാവുമായ സൗബിന് ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു.
കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. സൗബിന് നല്കിയ മൊഴി പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യുമെന്നാണു വിവരം.
സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. നിര്‍മാതാവ് ഷോണ്‍ ആന്റണിയെയും കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസ് ആണു ചിത്രം നിര്‍മിച്ചത്.
നേരത്തേ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരേ സിനിമാ നിര്‍മാണത്തില്‍ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം പറവ ഫിലിംസിന്റെ ഉടമകളായ ഷോണ്‍ ആന്റണി, നടന് സൗബിന് ഷാഹിര്‍, സൗബിന്റെ പിതാവ് ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേ മരട് പോലീസ് കേസെടുത്തിരുന്നു. സിനിമയ്ക്കായി ഏഴു കോടി മുടക്കിയെന്നും മുടക്കുമുതലോ ലാഭവിഹിതമോ നല്‍കിയില്ലെന്നുമായിരുന്നു സിറാജിന്റെ പരാതി.