പ്രധാനമന്ത്രിയെ കാണാൻ പദ്മജ അടുത്തയാഴ്ച ഡല്‍ഹിക്ക്
Sunday, June 16, 2024 2:08 AM IST
തൃശൂർ: കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്കു ചേക്കേറിയ പദ്മജ വേണുഗോപാല്‍ അടുത്തയാഴ്ച ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞ സാഹചര്യത്തില്‍ പദ്മജയ്ക്ക് ഉന്നതപദവി നല്‍കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.
ഏതെങ്കിലും സംസ്ഥാനത്തെ ഗവര്‍ണര്‍പദവി നല്കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പദ്മജയ്ക്കു ഗവര്ണര്പദവിയോടു താത്പര്യമില്ലെന്നാണു സൂചന. കാബിനറ്റ് പദവിയുള്ള ചുമതല ലഭിക്കുന്നതിനായിരിക്കും പദ്മജ താത്പര്യം പ്രകടിപ്പിക്കുന്നത്.
ദേശീയ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ പോലുള്ള പദവി പദ്മജയ്ക്കു ലഭിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. പ്രധാനമന്ത്രിയെ കാണാനുള്ള തീയതിയും സമയവും പദ്മജയ്ക്കു ലഭിച്ചിട്ടുണ്ട്.