ലൂർദ് മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ച് സുരേഷ്ഗോപി
Sunday, June 16, 2024 2:08 AM IST
തൃശൂർ: ലൂർദ് കത്തീഡ്രലിൽ മാതാവിനു സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രയാണെന്നും വേറെ അർഥങ്ങളില്ലെ ന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.
പള്ളിയിലെത്തിയ അദ്ദേഹത്തെ കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിലും ഇടവകാംഗങ്ങളും ചേർന്നു സ്വീകരിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ. അനീഷ്കുമാർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പുവിജയത്തിലെ നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ലൂർദ് പള്ളി സന്ദർശനം. തെരഞ്ഞെടുപ്പിനുശേഷം വീണ്ടും വരുമെന്നു സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഇടവകവികാരിയുടെയും ട്രസ്റ്റ് അംഗങ്ങളുടെയും സമ്മതത്തോടെയാണ് അദ്ദേഹം മാതാവിനു കൊന്ത സമർപ്പിച്ചത്. സമർപ്പണത്തിനുശേഷം അടിപ്പള്ളിയിലെത്തി പ്രാർഥിക്കുകയും ചെയ്തു.