കൂട്ട അവധിയെടുത്ത് അധ്യാപകര്‍ പ്രതിഷേധിച്ചു
Sunday, June 16, 2024 2:08 AM IST
തിരുവനന്തപുരം: മുൻകൂട്ടി തീരുമാനിച്ച ക്ലസ്റ്റര്‍ ആരുമായും ചര്‍ച്ച ചെയ്യാതെ മാറ്റി ഇന്നലെ പ്രവൃത്തിദിനമാക്കിയ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു.
പല സ്കൂളുകളുടെയും പ്രവര്‍ത്തനത്തെ ഇത് ബാധിച്ചു. അക്കാദമിക് കലണ്ടര്‍ പ്രകാരം സ്കൂള്‍ അധ്യാപകര്‍ക്ക് ജൂണ്‍ 15 ശനിയാഴ്ച്ച ക്ലസ്റ്റര്‍ എന്നാണ് അറിയിച്ചിരുന്നത്.
നിയമങ്ങളെ മാനിക്കാതെ ഏകപക്ഷീയമായി 25 അധിക ശനിയാഴ്ചകള് വിദ്യാര്‍ഥികള്‍ക്ക് പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും തള്ളിക്കളഞ്ഞതായി പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ ദുരുപയോഗിച്ച് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും കൂട്ട അവധി സമരം വന്‍ വിജയമായെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെങ്കില് അധ്യാപകരെയും വിദ്യാര്‍ഥികളെയും വിശ്വാസത്തിലെടുത്ത് ഇഛാശക്തിയോടെ പ്രവര്‍ത്തിക്കണമെന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.