മാർ റാഫേൽ തട്ടിൽ അനുശോചിച്ചു
Saturday, June 15, 2024 1:19 AM IST
കൊച്ചി: കുവൈറ്റിലെ തീപിടിത്തദുരന്തത്തിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുശോചിച്ചു. മരിച്ച 49 വിദേശ തൊഴിലാളികളിൽ 45 പേർ ഇന്ത്യക്കാരാണെന്നതും അതിൽ 24 പേർ മലയാളികളാണെന്നതും നമ്മുടെ ദുഃഖം വർധിപ്പിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടൽ കടന്ന് പ്രവാസികളായി ജീവിക്കുന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹൃദയവേദന മനസിലാക്കുകയും അതിൽ പങ്കുചേരുകയും ചെയ്യുന്നു. അപകടത്തിൽ 50 പേർക്ക് പരിക്കേറ്റതായും അവരിൽ ഭൂരിഭാഗവും ആശുപത്രിയിൽ കഴിയുന്നതായും റിപ്പോർട്ടുണ്ട്.
അനേകം കുടുംബങ്ങളുടെ കഷ്ടപ്പാടുകളിൽ നമ്മൾ വളരെ ദുഃഖിതരാണ്. ഈ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ പ്രാർഥന. ദുഃഖിതരും കഷ്ടപ്പെടുന്നവരുമായ ജനങ്ങളുടെ ജീവിതത്തിൽ സാന്ത്വനമേകാനും സാമ്പത്തിക സഹായങ്ങൾ നൽകാനും സർക്കാരിനോടൊപ്പം ഏവരും പങ്കാളികളാകണമെന്നും മാർ തട്ടിൽ ആഹ്വാനം ചെയ്തു.