ശ്വാസകോശരോഗ വിദഗ്ധരുടെ ദേശീയസമ്മേളനം കൊച്ചിയിൽ
Thursday, May 23, 2024 1:57 AM IST
കൊച്ചി: ഇന്റർവെൻഷണൽ പൾമണോളജി വിഗഗ്ധരുടെ 26-ാമത് ദേശീയ സമ്മേളനം ‘ബ്രോങ്കോകോൺ 2024’ നാളെ മുതൽ 26 വരെ കൊച്ചി ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും.
ഇന്ത്യൻ അസോസിയേഷൻ ഫോർ ബ്രോങ്കോളജിയുടെ നേതൃത്വത്തിലുള്ള സമ്മേളനത്തിൽ അക്കാഡമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ (എപിസിസിഎം), കൊച്ചിൻ തൊറാസിക് സൊസൈറ്റി (സിടിഎസ്) എന്നിവയുടെ പങ്കാളിത്തമുണ്ട്.
25ന് വൈകുന്നേരം ആറിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിക്കും. കെയുഎച്ച്എസ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തും.
ബ്രോങ്കോസ്കോപ്പി, തോറാക്കോസ്കോപ്പി, പീഡിയാട്രിക് ഇന്റർവെൻഷണൽ പൾമണോളജി, റോബോട്ടിക്സ് എന്നിവയിലെ ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളും നൂതന ശസ്ത്രക്രിയാ രീതികളും പഠനവിഷയമാക്കുന്ന ശാസ്ത്ര സെഷനുകളും ശില്പശാലകളും സമ്മേളനത്തിലുണ്ടാകും.
പത്ത് അന്താരാഷ്ട്ര ഫാക്കൽറ്റികളും 250 ദേശീയ ഫാക്കൽറ്റികളും വിവിധ സെഷനുകളിൽ സംസാരിക്കും.
രാജ്യത്തുനിന്നും വിദേശത്തുനിന്നുമായി പൾമണോളജിസ്റ്റുകൾ, ഇന്റർവെൻഷണൽ പൾമണോളജിസ്റ്റുകൾ, തോറാസിക് സർജൻമാർ തുടങ്ങി ആയിരത്തിലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ ഡോ. നാസർ യൂസഫ്, സെക്രട്ടറി ഡോ. കെ. അഖിലേഷ്, ഡോ. എ.ആർ. പരമേശ്, സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. റെന്നിസ് ഡേവിസ്, വർക്ക്ഷോപ്പ് കമ്മിറ്റി ചെയർമാൻ ഡോ. പ്രവീൺ വത്സലൻ എന്നിവർ അറിയിച്ചു.