വിദേശമദ്യത്തിന് ഇനി മുതൽ സെക്യൂരിറ്റി ലേബൽ
Tuesday, March 5, 2024 1:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ത്യൻ നിർമിത വിദേശമദ്യത്തിനു 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ വരുന്നു. ക്യുആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലിന്റെ സവിശേഷത ട്രാക്ക് ആന്റ് ട്രെയ്സ് സൗകര്യമാണ്.
മദ്യവിതരണ ശൃംഖലയിൽ ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം നടപ്പിലാക്കുന്നത് ഉത്പന്നസുരക്ഷയും കാര്യക്ഷമമായ ഇൻവെന്ററി മാനേജ്മെന്റും ഉറപ്പാക്കും. മദ്യവിതരണ സംവിധാനം പൂർണമായും തത്സമയം അധികൃതർക്കു നിരീക്ഷിക്കാനും ഈ സാങ്കേതികവിദ്യ സൗകര്യമൊരുക്കും.
ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഏത് ഉപഭോക്താവിനും മദ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഏതു വെയർഹൗസിൽ സൂക്ഷിച്ചുവെന്നതും എപ്പോഴാണു വിൽപന സ്റ്റോക്കിൽ വന്നത് എന്നുമെല്ലാം അറിയാനാവും.
നികുതിവെട്ടിപ്പു പൂർണമായും അവസാനിപ്പിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. സംസ്ഥാനത്തെ ആകെ മദ്യവിൽപ്പനയുടെ തൽസ്ഥിതി തത്സമയം ഇതിലൂടെ അറിയാനാവും.