മുൻ ഏഷ്യൻ ഗെയിംസ് മെഡൽ: മുഹമ്മദ് അനസിനും ആർ. അനുവിനും പാരിതോഷികം
Thursday, October 5, 2023 2:15 AM IST
തിരുവനന്തപുരം: ജക്കാർത്തയിൽ 2018ൽ നടന്ന ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം വെള്ളിയിൽനിന്നു സ്വർണമായ മുഹമ്മദ് അനസിന് അധികമായി അഞ്ചുലക്ഷം രൂപയും വെങ്കല മെഡൽ നേട്ടത്തിലേക്ക് കടന്നുവന്ന ആർ. അനുവിന് 10 ലക്ഷം രൂപയും സംസ്ഥാന സർക്കാർ പാരിതോഷികം അനുവദിച്ചു. രണ്ടു പേരും മത്സരിച്ച ഇനങ്ങളിൽ മെഡൽ നേടിയ താരങ്ങൾ ഉത്തേജക പരിശോധനയിൽ അയോഗ്യരായതോടെയാണ് ഇവർ തൊട്ടടുത്ത മെഡൽ സ്ഥാനത്തേക്ക് ഉയർന്നത്.
2018 ഏഷ്യൻ ഗെയിംസിൽ 4400 മീറ്റർ മിക്സഡ് റിലേയിൽ വെള്ളി നേടിയ ടീമിൽ അംഗമായിരുന്നു അനസ്. ഗെയിംസിൽ വെള്ളി നേടിയ മലയാളി താരങ്ങൾക്ക് 15 ലക്ഷം രൂപയാണ് സർക്കാർ അന്നു പാരിതോഷികം നൽകിയത്.
റിലേയിൽ സ്വർണം നേടിയ ബഹ്റിൻ ടീമംഗം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. അതോടെ ബഹ്റിൻ ടീം അയോഗ്യരാവുകയും അനസ് അടങ്ങുന്ന ഇന്ത്യൻ ടീമിന്റെ നേട്ടം സ്വർണമാവുകയും ചെയ്തു. സ്വർണ ജേതാക്കൾക്ക് 20 ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. സ്വർണ ജേതാവിനുള്ള അധികതുകയാണ് ഇപ്പോൾ അനുവദിച്ചത്.
400 മീറ്റർ ഹർഡിൽസിൽ നാലാമതായാണ് അനു ഫിനിഷ് ചെയ്തത്. ഈയിനത്തിൽ സ്വർണം നേടിയ ബഹ്റിൻ താരത്തെ അയോഗ്യയാക്കിയതോടെ അനു വെങ്കല മെഡലിന് അർഹയാവുകയായിരുന്നു. വെങ്കല ജേതാക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയാണ് അനുവിന് നൽകുന്നത്.