സ്പെഷൽ സ്കൂൾ പാക്കേജ് നടപ്പാക്കാൻ മാനദണ്ഡ രേഖ
Monday, May 29, 2023 12:17 AM IST
തിരുവനന്തപുരം: എൻജിഒകൾ നടത്തുന്ന സ്പെഷൽ സ്കൂളുകൾക്കായി സർക്കാർ പ്രഖ്യാപിച്ച പാക്കേജ് തുക വിതരണം ചെയ്യുന്നതിന് ഗ്രേഡിംഗ് നടത്തും. സ്കൂളുകളെ തെരഞ്ഞെടുക്കുന്നതിന് സമഗ്ര മാനദണ്ഡ രേഖ സർക്കാർ പുറത്തിറക്കി. മാനദണ്ഡം അനുസരിച്ച് സ്കൂളുകളെ എ,ബി,സി,ഡി എന്നിങ്ങനെ നാലു ഗ്രേഡുകളായി തിരിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യും.
മാനദണ്ഡം പുതുക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷൽ സ്കൂളുകളുടെ സംഘടനയും മാനേജ്മെന്റുകളും മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്പെഷൽ സ്കൂളുകളിൽ ആദ്യ ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഈ പരിശോധന കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്താൻ സർക്കാർ തലത്തിലും പരിശോധനയുണ്ടാകും. പരിശോധനയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഗ്രേഡിംഗ് അന്തിമമാക്കുന്നത്.
ധനസഹായ വിതരണത്തിന് സ്കൂളുകൾക്ക് പ്രയോജനമാകുന്ന തരത്തിൽ സമയക്രമത്തിൽ മാറ്റം വരുത്തി ജൂണ്‍ ആറാമത്തെ പ്രവൃത്തി ദിവസം എല്ലാ പൊതുവിദ്യാലയങ്ങളിലും കുട്ടികളുടെ എണ്ണമെടുക്കുന്നത് പോലെ ജൂണ്‍ 15 ന് മുന്‍പായി പാക്കേജിനുള്ള അപേക്ഷ ക്ഷണിക്കും. ജൂലൈ ആദ്യം ഉദ്യോഗസ്ഥർ പരിശോധന നടത്തും. വിശദമായ റിപ്പോർട്ട് ജൂലൈ 31 നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതും ഇത് സൂക്ഷ്മ പരിശോധന നടത്തി ഓഗസ്റ്റ് 15 ന് ഇത് സർക്കാരിന് സമർപ്പിക്കേണ്ടതുമാണ്. ഓഗസ്റ്റ് 31 നകം തന്നെ സർക്കാർ തലത്തിൽ പരിശോധന നടത്തി സെപ്റ്റംബർ രണ്ടാം വാരത്തിനകം ഗ്രാന്റ്-ഇൻ-എയിഡ് കമ്മിറ്റി യോഗം ചേരും.
സെപ്റ്റംബർ അവസാനത്തോടെ ആവശ്യമായ തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകും. സ്റ്റാഫിന് അഞ്ച് മാസത്തേക്കുള്ള ഓണറേറിയം വിതരണം ചെയ്യും. ബാക്കി വരുന്ന തുക ഗഡുക്കളായി തിരിച്ച് ഒന്നാം ഗഡു ഇതോടൊപ്പം തന്നെ അനുവദിക്കും. ഓരോ അക്കാദമിക് വർഷം ആരംഭിക്കുന്പോഴും ആവശ്യമായ പരിശോധന പൂർത്തിയാക്കി പാക്കേജിന്റെ ആദ്യ ഗഡു സെപ്റ്റംബർ അവസാനത്തിനു മുൻപായി റിലീസ് ചെയ്തു നൽകാൻ കഴിയുന്ന വിധത്തിൽ നടപടി ത്വരിതപ്പെടുത്തും. ആദ്യ ഗഡുവായി അനുവദിക്കുന്ന തുക പൂർണമായി ചെലവഴിച്ച് അതിന്റെ വിനിയോഗ സാക്ഷ്യപത്രം നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കുന്ന സ്ഥാപനത്തിന് മാത്രമേ അടുത്ത ഗഡു അനുവദിക്കൂ.