കിഫ്ബിയിലൂടെ ചെലവഴിച്ചത് 22,801 കോടി
Saturday, February 4, 2023 5:57 AM IST
തിരുവനന്തപുരം: വൻകിട പദ്ധതികൾക്കായി ബജറ്റിനു പുറത്തു ധനസമാഹരണത്തിനായി രൂപീകരിച്ച കിഫ്ബിയിലൂടെ ഇതുവരെ ചെലവഴിച്ചത് 22,801 കോടി രൂപ. നിലവിൽ 74,009.56 കോടി രൂപയുടെ 993 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ 54,000 കോടി രൂപയുടെ 986 പദ്ധതികൾ നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയിൽ 6,201 കോടി രൂപയുടെ പദ്ധതികളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
2017-18 ൽ കിഫ്ബി പദ്ധതികൾക്കായി 442.67 കോടി രൂപ ചെലവഴിച്ചു. 2018-19 ൽ 1,069 കോടി രൂപയും 2019-20 ൽ 3,502.50 കോടി രൂപയും ചെലവഴിച്ചു. 2020-21 ൽ 5,484.81 കോടി രൂപയാണു ചെലവ്. 2021-22 ൽ 8,459.47 കോടി രൂപയും 2022-23 ൽ 3,842.89 കോടി രൂപയും ചെലവാക്കി.
കിഫ്ബിക്കു വേണ്ടി എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ കടത്തിന്റെ പരിധിയിൽ പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനാൽ കിഫ്ബി വഴി ഇനി വലിയ തോതിൽ പണം ചെലവഴിക്കാൻ സാധ്യതയില്ല. ഫലത്തിൽ കിഫ്ബി അപ്രസക്തമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.