മദ്യപിച്ച് വാഹനമോടിക്കല്‍ : ലൈസന്‍സ് സസ്പെന്ഷന് നടപടികള്‍ക്കു കാലതാമസം
സ്വന്തം ലേഖകന്‍
Saturday, February 4, 2023 4:45 AM IST
കോഴിക്കോട്: മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് വെട്ടില്‍. പിടിക്കപ്പെട്ടവര്‍ പിഴ കൃത്യമായി സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടിവരുന്നുണ്ടെങ്കിലും ലൈസന്‍സ് റദ്ദ് ചെയ്യണമെങ്കില്‍ ആളുടെ വിശദീകരണം നേരിട്ട് കേള്‍ക്കണമെന്ന നിയമമാണു ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തില്‍ മേട്ടോര്‍ വാഹനവകുപ്പിനെ കുഴക്കുന്നത്. പലര്‍ക്കും നോട്ടീസ് അയച്ചിട്ടും ഭൂരിഭാഗം പേരും മേട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാറില്ല. അതിനാല്‍ തന്നെ ഇവരുടെ വിശദീകരണം കേള്‍ക്കാതെ ഉദ്യോഗസ്ഥര്‍ക്കു തുടര്‍ നടപടികളിലേക്കു കടക്കാനും കഴിയാറില്ല.
മുൻപ് മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കോടതിയിലേക്കു കേസ് പോകുന്നതിനൊപ്പംതന്നെ അതേദിവസം മുതല്‍ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിരുന്നു. മൂന്നു മുതല്‍ ആറു മാസം വരെയാണു ലൈസന്‍സ് റദ്ദാക്കുക. പലര്‍ക്കും പിഴ അടയ്ക്കാനുള്ള സമന്‍സ് വരുന്നത് മൂന്നു മാസത്തിനുള്ളിലാണ്. ഇതോടൊപ്പം തന്നെ ലൈസന്‍സ് റദ്ദ് ചെയ്യുന്നനടപടിയും പുര്ത്തിയാകുമായിരുന്നു.
എന്നാല്‍ മാറിയ നിയമപ്രകാരം ഇപ്പോള്‍ പിഴ അടച്ചശേഷം പിന്നീടാണു മേട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണ നോട്ടീസ് വരുന്നത്.