ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ ഇന്നു മുതൽ
Thursday, January 26, 2023 12:44 AM IST
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എഐസിസി ആഹ്വാന പ്രകാരം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാന് ജനസമ്പര്‍ക്ക പരിപാടിക്ക് ഇന്ന് തുടക്കമാകുമെന്ന് എഐസിസി വക്താവും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ നെറ്റ ഡിസൂസ കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ സന്ദേശം വീടുവീടാന്തരം എത്തിക്കുന്നതിന്റെ ഭാഗമായി രണ്ടു മാസമായി നടത്തുന്ന കാമ്പയിന് മൂന്നു ഘട്ടങ്ങളായിട്ടായിരിക്കും സംഘടിപ്പിക്കുന്നത്.
ബ്ലോക്ക് തലത്തില്‍ പദയാത്രകളും ജില്ലാതല പ്രവര്‍ത്തന കണ്‍വന്‍ഷനുകളും സംസ്ഥാനതല റാലികളും സംഘടിപ്പിക്കും. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല മഹിളാ മാര്‍ച്ചുകളും സംഘടിപ്പിക്കും.