കുസാറ്റ് പ്രഫസർ നിയമനത്തിലും ക്രമക്കേടെന്ന്
Wednesday, December 7, 2022 12:27 AM IST
തിരുവനന്തപുരം: എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ നൽകിയ വ്യാജ സർട്ടിഫിക്കറ്റിൽ അദ്ദേഹത്തിന്റെ ഭാര്യക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പ്രഫസർ നിയമനം കിട്ടിയെന്ന് ആരോപണം.സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റിയാണു ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
എംജി പിവിസിയായ ഡോ. സി.ടി. അരവിന്ദ് കുമാർ തന്റെ ഭാര്യ ഡോ. കെ. ഉഷയ്ക്ക് നേരിട്ടുള്ള പ്രഫസർ നിയമനം ലഭിക്കുന്നതിനായി വ്യാജ അധ്യാപനപരിചയ സർട്ടിഫിക്കറ്റ് ഒപ്പിട്ടു നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു ഡോ. ഉഷയ്ക്ക് പ്രഫസർ നിയമനം ലഭിച്ചതെന്നും സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി എം. ഷാജർഖാൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയച്ചു.
വ്യാജ സർട്ടിഫിക്കറ്റ് നൽകിയ പ്രോ വിസിക്കും നിയമനം നൽകിയ കുസാറ്റ് വിസിക്കുമെതിരേ അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഗവർണറെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.