നടിമാര്‍ക്കു നേരേ അക്രമം: വിദൂരദൃശ്യത്തില്‍ ശാസ്ത്രീയപരിശോധന
Friday, September 30, 2022 2:42 AM IST
കോഴിക്കോട്: കോഴിക്കോട്ട് സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്കു നേരേയുണ്ടായ ലൈംഗികാതിക്രമത്തിൽ പോലീസ് അന്വേഷണം ഊര്‍ജിതം.
സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇത് ഉടൻ ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കും. പരിപാടി നടന്ന ഇടം, നടവഴി എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണു പോലീസ് ശേഖരിച്ചത്.
കൂടുതൽ വ്യക്തതയ്ക്കുവേണ്ടി സമീപത്തെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കും. വിദൂര ദൃശ്യങ്ങളായതിനാൽ കൂടുതൽ സാങ്കേതികസൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ടെന്നാണു പോലീസ് പറയുന്നത്. കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു.
രണ്ടു നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണു കേസെടുത്തത്. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്.