കെഎഫ്സി കുടിവെള്ളം നല്‍കിയില്ല; നഷ്ടപരിഹാരം നല്കാൻ ഉത്തരവ്
Sunday, August 14, 2022 12:17 AM IST
കൊച്ചി: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നല്‍കാതിരുന്ന സംഭവത്തില്‍ പരാതിക്കാരിയായ തൃശൂര്‍ സ്വദേശിനി അഡ്വ. ടി.കെ. കവിതയ്ക്ക് കെഎഫ്സി റെസ്റ്റോറന്റ് 3,500 രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു.
കമ്മിഷന് പ്രസിഡന്റ് ഡി.ബി. ബിനു, വി. രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. 2016 ല്‍ കവിത കുടുംബത്തോടൊപ്പം ഇടപ്പള്ളിയിലെ കെഎഫ്സി റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
ഭക്ഷണം കഴിക്കുന്നതിനിടെ ഭര്‍ത്താവു ചുമച്ചപ്പോള്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെങ്കിലും നിഷേധിച്ചെന്നാണ് പരാതി.
സൗജന്യമായി കുടിവെള്ളം നല്‍കുന്നത് റെസ്റ്റേറന്റിന്റെ നയമല്ലെന്നും വെള്ളം ആവശ്യമെങ്കില്‍ കൗണ്ടറില്‍ നിന്ന് വാങ്ങണമെന്നും അധികൃതര്‍ പറഞ്ഞതായി ഹര്‍ജിക്കാരി ആരോപിച്ചു.
കുടിവെള്ളം നല്‍കാതെ കുപ്പിവെള്ളം വാങ്ങാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിക്കുകയാണ് റെസ്റ്റോറന്റ് അധികൃതര്‍ ചെയ്തതെന്നും ഇതു നീതിയുക്തമായ കച്ചവട രീതിയല്ലെന്നും വിലയിരുത്തിയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. കുടിവെള്ളം അടിസ്ഥാന ആവശ്യമാണെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.