തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കോണ്ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എംപി കന്യാകുമാരി മുതൽ കാഷ്മീർ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11 മുതൽ 29 വരെ കേരളത്തിൽ പര്യടനം നടത്തും.
സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽനിന്നും ആരംഭിക്കുന്ന ജോഡോ യാത്ര 11 ന് രാവിലെ കേരള അതിർത്തിയായ കളിയിക്കാവിളയിൽ പ്രവേശിക്കും. രാവിലെ ഏഴ് മുതൽ 10 വരെയും വൈകുന്നേരം നാല് മുതൽ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റർ ദൂരമാണു പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയ പാതവഴിയും തുടർന്ന് തൃശൂർനിന്നും നിലന്പൂർ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്.
കേരള പര്യടനം നടത്തുന്ന ജോഡോ യാത്ര വിജയിപ്പിക്കാൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപിയുടെ നേതൃത്വത്തിൽ കെപിസിസി സന്പൂർണ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. പാറശാല മുതൽ നിലന്പൂർ വരെ 19 ദിവസമായി 453 കിലോമീറ്ററാണ് ഭാരത് യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്.
തിരുവനന്തപുരം ജില്ലയിൽ 11 മുതൽ 14 വരെയാണു പര്യടനം. 14 മുതൽ 16 വരെ കൊല്ലം ജില്ലയിലും 17 മുതൽ 20 വരെ ആലപ്പുഴയിലും 21നും 22നും എറണാകുളത്തും 23 മുതൽ 25 വരെ തൃശൂരിലും 26നും 27ന് ഉച്ചവരെയും പാലക്കാടും പര്യടനം പൂർത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറത്തു പ്രവേശിക്കും. 29ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി കർണാടകത്തിലേക്ക് പ്രവേശിക്കും.
300 സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. എഐസിസി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങൾ കന്യാകുമാരി മുതൽ കാശ്മീർ വരെ 148 ദിവസങ്ങളായി 3571 കിലോമീറ്റർ രാഹുൽ ഗാന്ധിയോടൊപ്പം പദയാത്രയിൽ അണിചേരും. ജോഡോ യാത്ര കടന്നു പോകുന്ന ഓരോ സംസ്ഥാനങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന 100 അംഗങ്ങൾ അതാത് സംസ്ഥാനങ്ങളിൽ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും.
യാത്ര കടന്നുപോകുന്നത് 43 നിയോജക മണ്ഡലങ്ങളിലൂടെ
തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ക്രമീകരണങ്ങൾക്കുമായി വിവിധ കമ്മിറ്റികൾക്കും കെപിസിസി രൂപം നൽകി.
പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങൽ, ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂർ, തൃശൂർ, വടക്കാഞ്ചേരി, വള്ളത്തോൾ നഗർ, ഷൊർണ്ണൂർ, പട്ടാന്പി, പെരുന്തൽമണ്ണ, വണ്ടൂർ, നിലന്പൂർ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നുപോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.