കാലവർഷം ശക്തിപ്രാപിച്ചു ; 13 ജില്ലകളിൽ യെല്ലോ അലർട്ട്
Saturday, July 2, 2022 12:56 AM IST
തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു. വ്യാപകമായി മഴ പെയ്തു. പെരിന്തൽമണ്ണയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത്, 11 സെന്റീമീറ്റർ. വരും ദിവസങ്ങളിലും കാലവർഷം സംസ്ഥാനത്ത് സജീവമായി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലും നാളെ മുതൽ ചൊവ്വാഴ്ച വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.