ലോട്ടറി ബോണസ് കുടിശിക ഉടൻ നൽകും: ലോട്ടറി ഡയറക്ടർ
Sunday, May 29, 2022 12:58 AM IST
തിരുവനന്തപുരം: ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു കഴിഞ്ഞ ഓണക്കാലത്തു തൊഴിലാളികൾക്കു ലഭിക്കേണ്ട ബോണസ് കുടിശിക ഉടൻ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നു ലോട്ടറി ഡയറക്ടർ എസ്. ഏബ്രഹാം റെൻ. ധനവകുപ്പിൽ നിന്നുള്ള ചില സാങ്കേതിക പ്രശ്നങ്ങളാണ് വിതരണത്തിനു കാലതാമസം വരുത്തിയതെന്നും ലോട്ടറി ഡയറക്ടർ പറഞ്ഞു. ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എഐടിയുസി) സംസ്ഥാന ഭാരവാഹികൾ വിവിധ വിഷയങ്ങൾ ഉന്നയിച്ചു നൽകിയ നിവേദനം ചർച്ച ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സെറ്റ് ലോട്ടറി, ചൂതാട്ടം, ഓണ്‍ലൈൻ വിൽപന, എഴുത്തുലോട്ടറി ഉൾപ്പെടെ ഈ രംഗത്ത് ജനങ്ങളെ കബളിപ്പിക്കുന്ന കച്ചവടത്തിനെതിരേ കർശന നടപടി കൈക്കൊള്ളുന്നതിനും കടുത്ത ശിക്ഷ നൽകുന്നതിനുള്ള നിയമപരിഷ്കരണം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.