റബർ ആക്ട് നിയമ ഭേദഗതി: സർക്കാർ പിന്തിരിയണമെന്ന് മോൻസ് ജോസഫ്
Saturday, January 22, 2022 1:33 AM IST
കോട്ടയം: റബർ നിയമം 1947 റദ്ദാക്കി റബർ പ്രൊമോഷൻ ആൻഡ് ഡെവലപ്പ്മെന്റ് ബിൽ 2022 എന്ന പേരിൽ പുതുതായി നിർമാണത്തിന് തയാറെടുക്കുന്ന കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കർഷക ദ്രോഹ നടപടിയിൽനിന്നു കേന്ദ്രസർക്കാർ പിൻതിരിയണമെന്നു കേരളാ കോണ്ഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ.
റബറിന് ഏറ്റവും കുറഞ്ഞതും കൂടിയതുമായ വില നിശ്ചയിക്കുവാനുള്ള അധികാരം കേന്ദ്രസർക്കാർ ഏറ്റെടുക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നുള്ള ആക്ഷേപത്തിന് കേന്ദ്രം മറുപടി പറയണം. വില നിശ്ചയധികാരം സർക്കാർ ഏറ്റെടുക്കുന്നതിലൂടെ കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നത്.
പുതിയ ബില്ലിലൂടെ വൻകിട കോർപ്പറേറ്റുകളെയും വ്യവസായ ലോബിയെയും അവിഹിതമായി സഹായിക്കാനാണെന്നുള്ള കൃഷിക്കാരുടെ ആശങ്ക കേന്ദ്രസർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.