കൊലപാതകങ്ങളും ആത്മഹത്യയും വര്‍ധിക്കുന്നത് ആശങ്കാജനകമെന്ന്
Thursday, January 20, 2022 1:42 AM IST
കൊച്ചി: സംസ്ഥാനത്ത് ദിനംതോറും കൊലപാതകങ്ങള്‍, ആത്മഹത്യ എന്നിവ വര്‍ധിക്കുന്നത് ആശങ്കാജനകമെന്നു സീറോ മലബാര്‍ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി.
ഉപേക്ഷിക്കപ്പെടുന്ന പ്രായമായ മാതാപിതാക്കളും പങ്കാളിയെ കൊന്ന ശേഷം ആത്മഹത്യചെയ്യുന്ന സംഭവങ്ങളും വേദനിപ്പിക്കുന്നു.
ജീവിതപങ്കാളികളെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായും ലൈംഗിക വൈകൃത മനോഭാവങ്ങളുടെ അടിസ്ഥാനത്തിലും കൈമാറ്റം ചെയ്യുന്ന സംഭവങ്ങളും ഞെട്ടലോടെയാണ് സമൂഹം വീക്ഷിക്കുന്നത്.
മാറുന്ന മനോഭാവങ്ങളെ മനസിലാക്കി പ്രവര്‍ത്തങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കണം.
കോവിഡ് കാലത്ത് വ്യക്തികളും കുടുംബങ്ങളും ഒറ്റപ്പെടുന്നതും മാനസികമായി തളരുന്നതും പ്രത്യാശ നഷ്ട്ടപ്പെട്ടു വിലപ്പെട്ട ജീവനെപ്പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയും ഉണ്ടാകാതെ നോക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം വിവിധ മത സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങളും കൈകോര്‍ക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.