കരിയർ തെരഞ്ഞെടുപ്പ് ഓരോ വിദ്യാർഥിയും സ്വജീവിതത്തിൽ അഭിമുഖീകരിക്കേണ്ട വസ്തുതയാണ്. അതുകൊണ്ടുതന്നെ, വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും കരിയർ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് അനേകം സംശയങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. ഭൂരിഭാഗം പേരും കരിയർ തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് അർഥമാക്കുന്നത് പത്താം ക്ലാസ് / പ്ലസ് ടുവിനു ശേഷം ഏത് കോഴ്സ് പഠിക്കണം എന്ന തീരുമാനമെടുക്കുന്നതിനെ മാത്രമാണ്. എന്നാൽ, ശരിയായ അർഥത്തിൽ കരിയർ തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് അർഥമാക്കേണ്ടത് ഒരു വിദ്യാർഥി തന്റെ ജീവിതലക്ഷ്യമായി ഏതു പ്രഫഷൻ / ജോലിയാണ് തെരഞ്ഞെടുക്കേണ്ടത് എന്ന തീരുമാനമാണ്.
അതായത്, കരിയർ തെരഞ്ഞെടുപ്പ് എന്നതു വെറും ഒരു പഠന കോഴ്സിന്റെ തെരഞ്ഞെടുപ്പല്ല; മറിച്ച്, ഒരു വിദ്യാർഥിയുടെ ഭാവിയിലെ ജോലി, വരുമാനം, ജീവിതനിലവാരം എന്നീ മേഖലകളെ മുഴുവൻ സംബന്ധിച്ചുള്ള തീരുമാനമാണ്.
ഏതാണു നല്ല കരിയർ, ഏതു കോഴ്സിനാണ് നല്ല സ്കോപ്പ് ഉള്ളത്’, പ്ലസ് ടു കഴിഞ്ഞു പഠിക്കാൻ പറ്റിയ ഒരു കോഴ്സ് പറഞ്ഞു തരാമോ എന്നീ ചോദ്യങ്ങൾ വിദ്യാർഥികളിൽ നിന്നും, ഞാൻ എന്റെ മകനെ(ളെ) ഏത് കോഴ്സ് പഠിപ്പിക്കുന്നതാണ് നല്ലത് എന്ന ചോദ്യം മാതാപിതാക്കളിൽ നിന്നും സാധാരണയായി ഉയരാറുണ്ട്. ചോദ്യങ്ങളുടെ ഉള്ളടക്കം പൊതുവാണെങ്കിലും ഓരോരുത്തർക്കുമുള്ള ഉത്തരങ്ങൾ വ്യത്യസ്തമാണ്. കാരണം, എല്ലാ കോഴ്സും ഒരുപോലെ നല്ലതാണ്; പക്ഷെ, എല്ലാ കോഴ്സും എല്ലാവർക്കും അനുയോജ്യമല്ല. അതുകൊണ്ട്, വിദ്യാർഥികളും അവരുടെ മാതാപിതാക്കളും അന്വേഷിക്കേണ്ടത് ’നല്ല കരിയർ’ അല്ല; മറിച്ച്, ഓരോരുത്തർക്കും ’അനുയോജ്യമായ കരിയർ’.
അവരവർക്ക് അനുയോജ്യമായ കരിയർ തെരഞ്ഞെടുപ്പ് നടത്തേണ്ടത് വിദ്യാർഥികൾ തന്നെയാണ്. അനുയോജ്യമായ കരിയർ കണ്ടെത്താനും ആ ലക്ഷ്യത്തിലേക്കുള്ള വഴി കാണിച്ചുതരാനും മറ്റുള്ളവരുടെ സഹായം സ്വീകരിക്കാം; പക്ഷേ, അന്തിമമായ തീരുമാനമെടുക്കേണ്ടത് അവർ തന്നെ. കരിയർ തെരഞ്ഞെടുപ്പിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും സുഹൃത്തുക്കൾക്കും വിദ്യാർഥികളെ സഹായിക്കാൻ കഴിയും. വിവിധ കരിയറുകളുടെ സാധ്യതകളെക്കുറിച്ച് വിദ്യാർഥികളുമായി നിരന്തരമായ ചർച്ചകൾ നടത്തിക്കൊണ്ട് സ്വയം തീരുമാനമെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുക എന്നതാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും ദൗത്യം. എന്നാൽ, മാതാപിതാക്കളും അധ്യാപകരും വിദ്യാർഥികൾക്കു വേണ്ടി തീരുമാനങ്ങൾ എടുക്കരുത്. സ്വന്തമായി എടുക്കുന്ന തീരുമാനങ്ങൾ യാഥാർഥ്യമാക്കാൻ വിദ്യാർഥികൾക്ക് കൂടുതൽ പ്രതിബദ്ധതയും ഉത്സാഹവും ഉണ്ടായിരിക്കും.
എങ്ങനെയാണ് ഓരോരുത്തർക്കും അനുയോജ്യമായ കരിയർ കണ്ടെത്തുക? കരിയർ തെരഞ്ഞെടുക്കുന്നതിന്റെ ആദ്യപടി സ്വയം കണ്ടെത്തൽ ആണ്. ഓരോ വ്യക്തിയും സ്വയം നിരീക്ഷണത്തിലൂടെ അവരവരുടെ കഴിവുകളും താത്പര്യങ്ങളും കണ്ടെത്തണം. രണ്ടാമത്തെ പടി, ഓരോ കരിയറിന്റെയും ഭാവി സാധ്യതകൾ വിലയിരുത്തുക എന്നതാണ്. ഈ മൂന്ന് മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കണം കരിയർ തീരുമാനിക്കേണ്ടത്.
കഴിവുകൾ, താത്പര്യം, ഭാവിസാധ്യതകൾ
കഴിവുകൾ എന്നതുകൊണ്ട് അർഥമാക്കുന്നത് ഏതുതരം ജോലികൾ ചെയ്യുന്നതിലാണ് ഒരു വ്യക്തിക്ക് പ്രാഗൽഭ്യമുള്ളത് എന്നാണ്. താത്പര്യം എന്നതുകൊണ്ട് അർഥമാക്കുന്നത് എന്ത് ജോലി ചെയ്യാനാണ് ഒരു വ്യക്തി ഇഷ്ടപ്പെടുന്നത് എന്നാണ്. ഭാവിസാധ്യത എന്നതുകൊണ്ട് അർഥമാക്കുന്നത് ഏതു തൊഴിലാണ് നിങ്ങൾക്ക് നല്ല പ്രതിഫലം (ശമ്പളം) നൽകുക, എന്തു വൈദഗ്ധ്യമാണ് ഇന്നു വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യമായിരിക്കുന്നത് എന്നൊക്കെയാണ്. ഈ മൂന്നു മാനദണ്ഡങ്ങളും വളരെ കൃത്യമായി വിശകലനം ചെയ്തിട്ടുവേണം ഓരോ വിദ്യാർഥിയും കരിയറും അതിന് അനുയോജ്യമായ കോഴ്സുകളും തെരഞ്ഞെടുക്കാൻ.
കരിയറിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ ഫോർവേഡ് പ്ലാനിംഗ് രീതിയല്ല ബാക്ക്വേഡ് പ്ലാനിംഗ് രീതിയാണ് ആവശ്യമായിരിക്കുന്നത്. പത്താം ക്ലാസ് പഠനത്തിനു ശേഷം പ്ലസ് ടുവിനെക്കുറിച്ചും, പ്ലസ് ടു പഠനത്തിനു ശേഷം ഡിഗ്രി പഠനത്തെക്കുറിച്ചും, പിന്നെ പഠനമെല്ലാം തീരാറാകുമ്പോൾ ജോലിയെക്കുറിച്ചും ചിന്തിക്കുന്ന രീതിയെയാണ് ഫോർവേഡ് പ്ലാനിംഗ് എന്ന് പറയുക. എന്നാൽ, ഭാവിയിൽ എത്തിച്ചേരാൻ ലക്ഷ്യം വയ്ക്കുന്ന പ്രഫഷൻ (ജോലി) ആദ്യമേ തീരുമാനിച്ച് ഉറപ്പിച്ചതിനു ശേഷം, പിന്നീട് ആ ലക്ഷ്യത്തിൽ എത്തിച്ചേരാനായി പുറകിലോട്ട് ഡിഗ്രി പഠനം, പ്ലസ് ടു പഠനം എന്നിവയെക്കുറിച്ചുള്ള പദ്ധതി തയാറാക്കുന്ന രീതിയെയാണ് ബാക്ക്വേഡ് പ്ലാനിംഗ് എന്ന് പറയുന്നത്. ബാക്ക്വേഡ് പ്ലാനിംഗ് രീതിയിൽ വിദ്യാർഥികൾക്ക് കൃത്യമായ കരിയർ ലക്ഷ്യങ്ങൾ ഉള്ളതുകൊണ്ട് അവരുടെ സർവകഴിവും സമയവും പ്രയത്നവും ഈ ഏക ലക്ഷ്യത്തിൽ എത്തിച്ചേരാനായി ഉപയോഗിക്കാൻ പതിന്മടങ്ങ് സാധ്യതയുണ്ട്.
വിദ്യാർഥികളുടെ കരിയർ തെരഞ്ഞെടുപ്പ് സംബന്ധമായ ആലോചനകൾ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ ആരംഭിക്കണം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൾട്ടിനു വേണ്ടി കാത്തിരിക്കുന്ന സമയത്ത് കൂടുതൽ കൃത്യമായ രീതിയിൽ ആലോചനകളും ചർച്ചകളും നടത്തി ഭാവിലേക്കുള്ള ഒരു പ്രഫഷൻ മനസിൽ രൂപപ്പെടുത്തണം. വിവിധ കരിയറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റുള്ളവരിൽ നിന്നും ഇൻറർനെറ്റിൽ നിന്നും പുസ്തകങ്ങളിൽ നിന്നും പരമാവധി ശേഖരിക്കണം. കരിയർ സംബന്ധമായ ആലോചനകൾ അവസാന സമയത്തേക്ക് നീക്കിവയ്ക്കരുത്; മാതാപിതാക്കളുമായും അധ്യാപകരുമായും കരിയർ വിദഗ്ധരുമായും ഇടയ്ക്കിടെ ചർച്ചകളും ആലോചനകളും നടത്തണം.
ഒരു കോഴ്സ് തെരഞ്ഞെടുക്കുന്നതിനുമുമ്പ് എന്തിനുവേണ്ടിയാണ് ഞാൻ ഈ കോഴ്സ് പഠിക്കുന്നത്, ഈ കോഴ്സിൽ ചേർന്നാൽ പഠിക്കേണ്ടതായ വിഷയങ്ങൾ എന്തൊക്കെയാണ്, ഈ കോഴ്സ് പഠിച്ചാൽ എന്ത് ജോലിയാണ് കിട്ടുക എന്നതൊക്കെ കൃത്യമായി അറിഞ്ഞിരിക്കണം. പ്ലസ് ടുവിന് സയൻസ് ഗ്രൂപ്പിൽ അഡ്മിഷൻ കിട്ടിയില്ലെങ്കിൽ ചേരുന്ന ഗ്രൂപ്പായി ഒരിക്കലും കോമേഴ്സ് / ഹ്യൂമാനിറ്റീസിനെ കാണരുത്. സ്വയം നിരീക്ഷണത്തിലൂടെയും മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളുമായുള്ള ചർച്ചയിലൂടെയും സ്വന്തം അഭിരുചി കണ്ടെത്തിയതിനു ശേഷം വേണം കോഴ്സുകൾ തെരഞ്ഞെടുക്കാൻ. സ്വന്തം അഭിരുചി സ്വയമായി കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ, കരിയർ ആപ്റ്റിറ്റ്യുഡ് ടെസ്റ്റുകളുടെ സഹായവും കരിയർ കൺസൾട്ടന്റ് മാരുടെ മാർഗ്ഗനിർദേശവും തേടാവുന്നതാണ്.
എൻട്രൻസ് പരീക്ഷകൾ
വിദ്യാർഥികൾ പ്ലസ് ടു പഠനത്തോടൊപ്പം ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലേക്കു പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷകൾക്കു വേണ്ടിയും ഒരുക്കങ്ങൾ നടത്തേണ്ടതാണ്. മെഡിക്കൽ, എൻജിനിയറിംഗ് മേഖലകളിൽ മാത്രമല്ല, ഏതൊരു പഠനശാഖയയ്ക്കും- ശാസ്ത്രം, സാമൂഹിക ശാസ്ത്രങ്ങൾ, കലകൾ, സാഹിത്യം - ദേശീയതലത്തിൽ പ്രവേശനപരീക്ഷകളുണ്ട്. ഇത്തരം പ്രവേശന പരീക്ഷകളിലൂടെയാണ് ദേശീയ പ്രാധാന്യമുള്ള യൂണിവേഴ്സിറ്റികളിലേക്കും സ്ഥാപനങ്ങളിലേക്കും അഡ്മിഷൻ ലഭിക്കുക. ഇത്തരം സ്ഥാപനങ്ങളിലെ അഡ്മിഷന് പലപ്പോഴും പ്ലസ് ടു മാർക്ക് പരിഗണിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ, പ്ലസ് ടു പഠന കാലഘട്ടത്തിൽ ഇത്തരം എൻട്രൻസ് ടെസ്റ്റുകൾ കൂടി മുൻകൂട്ടി കണ്ട് ഒരുക്കങ്ങൾ നടത്തേണ്ടതാണ്.
പ്ലസ് ടു പരീക്ഷയുടെ മാർക്കിനോടൊപ്പം ഇത്തരം എൻട്രൻസ് പരീക്ഷകളിൽ ഉയർന്ന റാങ്കും ലക്ഷ്യം വയ്ക്കണം. പത്താം ക്ലാസ് / പ്ലസ് ടുവിലെ ’ഫുൾ എ പ്ലസ്’ മാത്രം ലക്ഷ്യംവക്കുന്നത് ചിലപ്പോൾ റോഡരികിൽ ഫ്ളക്സ് വയ്ക്കാനും ട്രോഫികൾ സമ്മാനമായി വാങ്ങാനും മാത്രമായിരിക്കും ഉപകരിക്കുക; കരിയർ വളർച്ചയുടെ തുടർ പടവുകളിലേക്ക് ഉപകരിക്കണമെന്നില്ല.
ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ കോഴ്സുകൾ വളരെ ഉയർന്ന നിലവാരമുള്ളതായിരിക്കും; ഫീസ് കുറവായിരിക്കും; ചിലയിടങ്ങളിൽ സ്കോളർഷിപ്പുകളും ലഭ്യമാണ്. അതുകൊണ്ടുത്തന്നെ, ഇഷ്ടപ്പെട്ട കോഴ്സിനു വേണ്ടിയുള്ള നാഷണൽ ലെവൽ എൻട്രൻസ് പരീക്ഷകൾ എഴുതി ഉയർന്ന നിലവാരത്തിലുള്ള ഒരു സ്ഥാപനത്തിൽ അഡ്മിഷൻ കിട്ടുവാൻ പരിശ്രമിക്കുക. പ്ലസ് ടു പരീക്ഷകൾക്ക് ശേഷമുള്ള സമയം കൊണ്ടുമാത്രം ഇത്തരം എൻട്രൻസ് പരീക്ഷകൾക്ക് നല്ല ഒരുക്കം നടത്താനാകില്ല; കാരണം ഇത്തരം പരീക്ഷകളിൽ കടുത്ത മത്സരമാണുള്ളത്.
പ്ലസ് ടു പഠനം കഴിഞ്ഞ ഉടൻ ഡിഗ്രി പഠനത്തിന് ചേരണം എന്നു നിർബന്ധം പിടിക്കേണ്ടതില്ല. എൻട്രൻസ് പരീക്ഷകളുടെ ഒരുക്കത്തിനായി ഒരു വർഷം ചെലവഴിക്കുന്നത് ജീവിതത്തിലെ ഒരു നഷ്ടമായി കാണേണ്ടതില്ല. കാരണം എളുപ്പത്തിൽ അഡ്മിഷൻ കിട്ടാവുന്ന ഏതെങ്കിലും ഒരു ചെറിയ സ്ഥാപനത്തിൽ പഠിക്കുന്നതിനെക്കാൾ ഒരു നല്ല കരിയർ കെട്ടിപ്പടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നത്, ഒരു വർഷം അനുബന്ധ എൻട്രൻസ് പരീക്ഷക്കു വേണ്ടി ഒരുങ്ങി എഴുതി ഉയർന്ന റാങ്കോടുകൂടെ ദേശീയ നിലവാരത്തിലുള്ള ഒരു യൂണിവേഴ്സിറ്റിയിൽ / സ്ഥാപനത്തിൽ അഡ്മിഷൻ നേടി പഠിക്കുന്നതാണ്.
പഠനകോഴ്സ് തെരഞ്ഞെടുക്കുന്നതിനോടൊപ്പം തുല്യ പ്രാധാന്യം കൊടുക്കേണ്ട മേഖലയാണ് പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനം. പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൽ നാം തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന കോഴ്സ് പഠിച്ച സീനിയർ വിദ്യാർഥികളുടെ അഭിപ്രായം അറിയണം, അവരിൽ എത്ര പേർക്ക് ജോലി ലഭിച്ചു, ഏതൊക്കെ സ്ഥാപനങ്ങളിലാണ് ജോലി ലഭിച്ചത്, എത്ര പേർ ഉപരിപഠനം ചെയ്യുന്നു, അവർ ഏതൊക്കെ സ്ഥാപനത്തിലാണ് ഉപരിപഠനം നടത്തുന്നത്, സ്ഥാപനത്തിന്റെ അഫിലിയേഷനുകൾ, അക്രഡിറ്റേഷനുകൾ, ദേശീയ തലത്തിലും അന്തർദേശീയ തലത്തിലുമുള്ള റാങ്കുകൾ എന്നിവയെല്ലാം കൃത്യമായി അറിയണം.
കോളേജിന്റെ വെബ്സൈറ്റ് മാത്രം നോക്കി ഒരു സ്ഥാപനത്തിലും അഡ്മിഷൻ എടുക്കരുത്; ആ സ്ഥാപനത്തിൽ നേരിട്ട് പോയി സൗകര്യങ്ങളും അനുബന്ധസാഹചര്യങ്ങളും വിശദമായി മനസിലാക്കിയതിനു ശേഷം വേണം അഡ്മിഷൻ എടുക്കാൻ. ഇല്ലെങ്കിൽ, ഒരു സ്ഥാപനത്തിൽ ചേർന്ന് ഏതാനും നാളുകൾ കഴിയുമ്പോൾ ആ സ്ഥാപനം ഇഷ്ടപ്പെടാതെ വന്നാൽ നമ്മുടെ പണം നഷ്ടമാകുന്നു. അതിനേക്കാളുപരി, ഭാവിവളർച്ചക്കുള്ള സാധ്യതകൾക്ക് മങ്ങലേൽക്കുന്നു. കോഴ്സ് പൂർത്തിയാക്കുന്നതിനു മുമ്പ് ഒരു സ്ഥാപനത്തിലെ പഠനം അവസാനിപ്പിക്കുന്ന വിദ്യാർഥികൾക്ക് പ്രവേശനം നൽകാൻ മിക്ക സ്ഥാപനങ്ങളും മടി കാണിക്കുന്നു എന്ന യാഥാർഥ്യം മറക്കരുത്.
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നാണ് മനസിന് ഇണങ്ങിയ കരിയർ സ്വന്തമാക്കുക എന്നത്. കാരണം, അയാൾ തന്റെ പഠനകാലഘട്ടത്തിനു ശേഷം കൂടുതൽ സമയം ചെലവഴിക്കുന്നത് ഈ പ്രഫഷനിൽ ആയിരിക്കും. അതുകൊണ്ട് തെരഞ്ഞെടുക്കുന്ന കരിയർ ആ വ്യക്തിക്ക് സന്തോഷം നല്കുന്നതായിരിക്കണം. ഇല്ലെങ്കിൽ, അയാൾ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ആരോഗ്യത്തെയും സാമ്പത്തിക വരുമാനത്തെയും ജോലിയിലുള്ള ഭാവി സാധ്യതകളെയും കുടുംബജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും അത് പ്രതികൂലമായി ബാധിക്കും. മനസിനിണങ്ങിയ കരിയർ തെരഞ്ഞെടുക്കുമ്പോൾ ആദ്യ നാളുകളിൽത്തന്നെ ഉയർന്ന ശമ്പളമോ വരുമാനമോ ലഭിക്കണമെന്നില്ല. പക്ഷേ, തുടർച്ചയായ പരിശ്രമമുണ്ടായാൽ ഉയർന്ന ശമ്പളവും വരുമാനവും ആ കരിയർ നമുക്കു പ്രദാനം ചെയ്യും.
ഡോ. ബിനോയ് തോമസ്
(കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രഫസറാണു ലേഖകൻ)