മെഗാ എടിവി മത്സരത്തില്‍ പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിനു മികച്ച നേട്ടം
Wednesday, April 21, 2021 12:11 AM IST
പാലാ: ഗോവയില്‍ നടന്ന ഓട്ടോ സ്പോര്‍ട്സ് ഇന്ത്യ മെഗാ എടിവി (ഓള് ടെറൈന്‍ വെഹിക്കിള്‍) മത്സരത്തില്‍ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളുടെ ടീമിനു മികച്ച നേട്ടം. ദേശീയതലത്തില്‍ സെലക്ട് ചെയ്യപ്പെട്ട 100 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഡ്രാഗ് റേസ്, ഡേര്‍ട് റേസ്, എന്‍ഡ്യൂറന്‍സ് റേസ് എന്നീ വിഭാഗങ്ങളില്‍ യഥാക്രമം 21, 15, 9 സ്ഥാനങ്ങള്‍ ഉള്‍പ്പെടെ ദേശീയ റാങ്കില്‍ 18-ാം സ്ഥാനമാണ് സെന്റ് ജോസഫ്സ് കോളജിലെ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയത്. ഏപ്രില്‍ 10, 11, 12 തീയതികളിലായാണ് മത്സരം നടന്നത്.
കോളജിലെ സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനിയേഴ്സ് ക്ലബാണ് ഈ മത്സരത്തിന് ആവശ്യമായ പരിശീലനം വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നത്. കോളജിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ ഡോ. ജില്‍സ് സെബാസ്റ്റ്യന്‍, സച്ചിന് ജോസ് എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ 30 വിദ്യാര്‍ഥികള്‍ അടങ്ങുന്ന ടീം ഒരു വര്‍ഷം കൊണ്ടാണ് ഓള് ടെറൈന്‍ വെഹിക്കിള്‍ (എടിവി) നിര്‍മിച്ചത്.
അത്യപൂർവ നേട്ടം കൈവരിച്ച വിദ്യാര്‍ഥികളെയും മെക്കാനിക്കല്‍ എൻജിനിയറിംഗ് വിഭാഗത്തെയും കോളജ് ചെയര്മാന് മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പൽ ഡോ. ജെ. ഡേവിഡ്, വൈസ് പ്രിന്‍സിപ്പൽ ഡോ. എസ്. മധുകുമാര്‍, മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. ബിനോയ് ബേബി എന്നിവര്‍ അഭിനന്ദിച്ചു.