മാന്നാനം: സെന്റ് എഫ്രെംസ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന പൂർവ വിദ്യാർഥി സംഗമവും ബാസ്കറ്റ്ബോൾ മത്സരവും പഴയകാല സ്മരണകളുണർത്തിയ കൗതുകക്കാഴ്ചയായി. മാന്നാനം സെന്റ് എഫ്രേംസ് സ്കൂളുമായി ചേർന്നു പ്രവർത്തിക്കുന്ന അക്കാദമി, 2003 - ൽ ഫാ.ആന്റണി കാഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെയാണ് ആരംഭിച്ചത്. കായികരംഗത്തും പഠനരംഗത്തും വിദ്യാർഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമിടുന്ന അക്കാദമി ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇന്ത്യയിലെ മികച്ച സ്പോർട്സ് അക്കാദമികളിൽ ഒന്നായി മാറി. ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഇവിടെ പ്രവേശനം.
തുടക്കത്തിൽ ബാസ്കറ്റ് ബോളിലായിരുന്നു അക്കാദമി ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇവിടെ പരിശീലനം ലഭിച്ച പലരും കേരളത്തിന്റെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബാസ്കറ്റ്ബോൾ താരങ്ങളായി മാറി. പിന്നീട് 2009-ൽ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചേർന്നു സ്ഥാപിച്ച ക്രിക്കറ്റ് അക്കാദമിയും മികവാർന്ന നിരവധി താരങ്ങൾക്ക് ജന്മം നൽകി. അടുത്ത കാലത്തു നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ സെഞ്ചുറിയോടെ തിളങ്ങിയ മുഹമ്മദ് അസ്റുദിൻ, രഞ്ജി താരം സിജോമോൻ ജോസഫ്, കേരളത്തിന്റെ അണ്ടർ 19 താരം ആൽബിൻ ബിനു തുടങ്ങിയവർ അക്കാദമിയുടെ അഭിമാനങ്ങളാണ്.
കായിക താര സംഗമത്തിൽ അക്കാദമിയിൽ വിവിധ ബാച്ചുകളിൽ പഠിച്ച 100 ൽ പരം വിദ്യാർഥികൾ അക്കാദമിയുടെ കോർട്ടിൽ ഒത്തുകൂടി. നിലവിൽ പഠിക്കുന്ന വിദ്യാർഥികളും മുൻ കായിക താരങ്ങളും ടീമുകൾ ആയി തിരിഞ്ഞ് നടത്തിയ 3 on 3 (3x3)മത്സരം കാണികളെ ആവേശത്തിന്റെ കൊടിമുടിയിൽ എത്തിച്ചു. സംസ്ഥാന താരമായ കസ്റ്റംസിന്റെ റോബിൻ എസ് ഓരത്ത്, ചാക്കോ സി . സൈമൺ ( കേരള വർമ കോളജ്) ,അഖിൽ ബി., ജ്യൂവൽ ജോൺ (എസ്.ബി. കോളജ്) ടോണി കെ .മാത്യു (കെ എസ് ഇ ബി), ജിസ്മോൻ (കെ ഇ കോളജ്) യൂത്ത് ബാസ്കറ്റ്ബോളിൽ ഇന്ത്യക്കായി കളിച്ച ജെറോം പ്രിൻസ് എന്നിവർ പൂർവവിദ്യാർഥികളുടെ ടീമിൽ ചേർന്ന് പന്തെറിഞ്ഞു.
പൂർവവിദ്യാർഥികളുടെ സ്നേഹവും കൂട്ടായ്മയും ആണ് അക്കാദമിയുടെ ബലമെന്നു ഡയറക്ടർ ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ പറഞ്ഞു. എം.ജി യൂണിവേഴ്സിറ്റി ചീഫ് സെക്യൂരിറ്റി ഓഫീസറും മുൻ സംസ്ഥാന ബാസ്കറ്റ്ബോൾ താരവുമായ കെ.എ. ജോർജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. അഖിൽ മാത്യു സണ്ണി (യൂത്ത് ഇന്ത്യ) മുഹമ്മദ് ഷിറാസ് (യൂത്ത്, ജൂണിയർ ഇന്ത്യ ), ജെറോം പ്രിൻസ് (യൂത്ത് ഇന്ത്യ), ബംഗളുരൂവിൽ നടക്കുന്ന സീനിയർ ഇന്ത്യൻ ക്യാമ്പിൽ പങ്കെടുക്കുന്ന ആരോൺ വി. ബ്ലെസൺ തുടങ്ങിയവർ ഈ അക്കാഡമിയുടെ സംഭാവനകളാണ്. ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി ബിജു ഡി. തേമാൻ, ഫാ. ലൂക്ക ആന്റണി ചാവറ (പ്രിൻസിപ്പൽ) എറണാകുളം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി സലിം , അതിരമ്പുഴ പഞ്ചായത്ത് മാന്നാനം ഡിവിഷൻ മെമ്പർ ഷാജി ജോസഫ് എന്നിവർ പ്രസംഗിച്ചു.
മുൻകാല ബാസ്കറ്റ്ബാൾ പരിശീലകരായ രാജൻ ഡേവിഡ്, തോമസ് ചാണ്ടി, ഡിമൽ സി. മാത്യു, സാമുവൽ പി. വർക്കി, കോച്ചുമാരായ വി.എം. പ്രേം കുമാർ, അജി തോമസ്, ജോബിൻ വർഗീസ് ഷാരോൺ ജോൺ, മുഹമ്മദ് വാസീം തുടങ്ങിയവരും താരസംഗമത്തിന് നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.