പെരുമാറ്റം ക്രൂരം: ടി. പത്മനാഭൻ
Monday, January 25, 2021 12:53 AM IST
കണ്ണൂർ: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെ ആക്ഷേപവുമായി കഥാകൃത്ത് ടി. പത്മനാഭൻ. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന ഗൃഹസമ്പർക്കത്തിനിടെ സംസ്ഥാന സമിതിയംഗം പി. ജയരാജനോടാണ് പത്മനാഭൻ പൊട്ടിത്തെറിച്ചത്. രോഗിയായ സ്ത്രീ ജോസഫൈന് പരാതി കൊടുത്തിട്ട് മോശമായിട്ടാണ് അവർ പെരുമാറിയതെന്ന് പത്മനാഭൻ പറഞ്ഞു. കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമിച്ചത് എന്തിനെന്നും പത്മനാഭൻ ചോദിച്ചു.
പോലീസിൽ പരാതി കൊടുത്തിട്ട് കാര്യമില്ലാതെ വന്നപ്പോഴാണ് വനിതാ കമ്മീഷന് പരാതി നൽകിയത്. ഇന്നും ബ്രിട്ടീഷ് പോലീസിനെ പോലെ തന്നെയാണ് കേരള പോലീസിന്റെ പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.