ലൈഫ് മിഷൻ വഴി ഒന്നര ലക്ഷം വീടുകൾകൂടി
Saturday, January 16, 2021 1:54 AM IST
തിരുവനന്തപുരം: അടുത്ത സാന്പത്തിക വർഷം ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം വീടുകൾ കൂടി നിർമിക്കുമെന്നു ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. ഇതിൽ 60,000 ത്തോളം വീടുകൾ പട്ടിക വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമാണ്.
ഭൂരഹിതരും ഭവന രഹിതരുമായ 1.35 ലക്ഷം കുടുംബങ്ങൾക്കായിരിക്കും ഈ ഘട്ടത്തിൽ മുൻഗണന. അവരിൽ 20,000 പേർക്ക് ഇതിനകം ഭൂമി ലഭ്യമായിട്ടുണ്ട്.
പട്ടിക ജാതി വിഭാഗക്കാർക്കു ഭൂമി വാങ്ങി നൽകുന്നതിന് 185 കോടി രൂപ വകയിരുത്തി. ലൈഫ് പദ്ധതിക്കായി ആകെ ആറായിരം കോടി രൂപയാണ് വേണ്ടത്. ആയിരം കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും അദ്ദേഹം അറിയിച്ചു.