മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം
Thursday, October 29, 2020 12:28 AM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായതിനെത്തുടർന്നു മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊച്ചിയിൽ യുവജന സംഘടനകളുടെ പ്രതിഷേധം.
തിരുവനന്തപുരത്തുനിന്നു കസ്റ്റഡിയിലെടുത്ത ശിവശങ്കറെ ഇന്നലെ ഉച്ചകഴിഞ്ഞ് ഇഡി ഓഫീസില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. ഓഫീസിനു പിന്‍വശത്തെ മതില് ചാടിക്കടന്നു പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.
മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായി ഭരണം നിയന്ത്രിച്ച ശിവശങ്കറെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജി വച്ചൊഴിയണമെന്നു യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധം ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ചയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. ഷേണായീസ് ജംഗ്ഷനില്‍നിന്നു പ്രകടനമായെത്തിയ പ്രവര്‍ത്തകരെ ഇഡി ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. പിന്നീടു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.