കൊച്ചി: ചെല്ലാനത്ത് ഉള്‍പ്പെടെ കടല്‍ത്തീരം സംരക്ഷിക്കപ്പെടേണ്ടതു സംസ്ഥാനത്തിന്റെയും രാജ്യം മുഴുവന്റെയും ആവശ്യമാണെന്നു കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ചെല്ലാനം മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനു സമര്‍പ്പിച്ച ജനകീയരേഖ നടപ്പാക്കുന്നതില്‍ സര്‍ക്കാരിനെ പ്രവര്‍ത്തനനിരതമാക്കുന്നതിനും ജനങ്ങളെ ഏകോപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനും കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കെയര്‍ ചെല്ലാനം ഓഫീസ് മറുവക്കാട് ലിറ്റില്‍ ഫ്ളവര്‍ പള്ളിക്കു സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയം കേരളസഭ ഗൗരവമായി കാണുന്നെന്നും അദ്ദേഹം പറഞ്ഞു.
കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു. ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഹൈബി ഈഡന് എംപി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കെആര്‍എല്‍സിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സീസ് സേവ്യര്‍ താന്നിക്കാപ്പള്ളി, ‘കടല്‍’ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, ബെന്നി പാപ്പച്ചന്, മെറ്റില്‍ഡ മൈക്കിള്‍, ആന്റണി ആന്‍സല്‍, ഫാ. ആന്റണി ടോപ്പോള്‍, റവ. ഡോ. മരിയന്‍ അറക്കല്‍, ഫാ. സംസന് അഞ്ഞിപ്പറമ്പില്, ഫാ. ആന്റണി തട്ടകത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധികള്‍ക്കായി നടത്തിയ സെമിനാറിന് പി.ആര്. കുഞ്ഞച്ചന്, ജോസഫ് ജൂഡ്, ടി.എ. ഡാല്‍ഫിന്‍ എന്നിവര്‍ നേതൃത്വം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.