യു.വി. ജോസ് തദ്ദേശ വകുപ്പ് അഡീഷണൽ സെക്രട്ടറി
Thursday, September 17, 2020 12:26 AM IST
തിരുവനന്തപുരം: ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യു.വി. ജോസിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലൈഫ് പദ്ധതിയുടെ അധിക ചുമതല അദ്ദേഹം തുടർന്നും വഹിക്കും. പിആർഡി വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്ന് അദ്ദേഹത്തെ മാറ്റി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോറിന് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.
ഡോ. ആഷാ തോമസിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പാർലമെന്ററി കാര്യ വകുപ്പിന്റെ അധിക ചുമതല കൂടി ഇവർ വഹിക്കും.
രാജേഷ് കുമാർ സിൻഹയെ വനം-വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും. ഇൻഡസ്ട്രീസ് (കാഷ്യൂ) സെക്രട്ടറിയുടെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും.സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോകിനെ റോഡ് സേഫ്റ്റി അഥോറിറ്റി കമ്മീഷണറായി മാറ്റി നിയമിച്ചു.
തുറമുഖ സെക്രട്ടറി സഞ്ജയ് എം. കൗളിനെ ആഭ്യന്തരവും വിജിലൻസും സെക്രട്ടറിയായി മാറ്റി നിയമിച്ചു. ഇദ്ദേഹം നിലവിൽ വഹിക്കുന്ന ചുമതലകൾ തുടർന്നും വഹിക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ടിനെ സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കും. പ്രിന്റിംഗ് & സ്റ്റേഷനറി വകുപ്പിന്റെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. ലാൻഡ് റവന്യൂ കമ്മീഷണർ സി.എ. ലതയെ ഫിഷറീസ് ഡയറക്ടറായി മാറ്റി നിയമിച്ചു. തദ്ദേശസ്വയംഭരണ സ്പെഷൽ സെക്രട്ടറി കെ. ബിജുവിനെ ലാൻഡ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിച്ചു. സ്പെഷൽ സെക്രട്ടറി (ലാൻഡ് അക്വിസിഷൻ) റവന്യൂ വകുപ്പിന്റെ അധിക ചുമതല തുടർന്നും വഹിക്കും.