കേരളത്തിൽ രോഗികൾ 30,000 കടന്നു; ഇന്നലെ 1,298 പേർക്ക്, സന്പർക്കം 1,017
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 1,298 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന എണ്ണമാണിത്. മൂന്നു മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് മരണം 97 ആയി. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 30,448 ആയി.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 1,017 പേർക്കു സന്പർക്കത്തിലൂടെയാണു രോഗബാധ ഉണ്ടായത്. ഇവരിൽ തന്നെ 79 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 78 പേർ വിദേശത്തു നിന്നും 170 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 29 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു. 800 പേർ ഇന്നലെ രോഗമുക്തരായി. ജൂലൈ 31ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആ മാസം രണ്ടിനു മരണമടഞ്ഞ കാസർഗോഡ് ഉപ്പള സ്വദേശിനി ഷഹർബാനു (73), അഞ്ചിനു മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിൽവ അടിമൈ (63) എന്നിവരുടെ പരിശോധനാഫലമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് 11,983 പേരാണ് രോഗബാധിതരായി ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 18,337 പേർ ഇതിനകം രോഗമുക്തി നേടി. ഇന്നലെ 1,48,039 പേരുടെ സാന്പിളുകൾ പരിശോധിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം - 219, കോഴിക്കോട് - 174, കാസർഗോഡ് - 153, പാലക്കാട് - 136, മലപ്പുറം - 129, ആലപ്പുഴ - 99, തൃശൂർ - 74, എറണാകുളം - 73, ഇടുക്കി - 58, വയനാട് - 46, കോട്ടയം - 40, പത്തനംതിട്ട, കണ്ണൂർ - 33 വീതം, കൊല്ലം - 31.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.