കനത്ത മഴ വരുന്നു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Monday, August 3, 2020 12:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ അതിതീവ്ര മഴയ്ക്കും മറ്റിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 21 വരെ സെന്റിമീറ്റർ അതിശക്തമായ മഴയ്ക്കാണു സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഓറഞ്ച് -യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട്: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെയും മലപ്പുറം, വയനാട് ജില്ലകളിൽ നാളെ മുതൽ വ്യാഴാഴ്ച വരെയും കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.