മാർത്തോമ്മാ സഭ: സഫ്രഗൻ മെത്രാപ്പോലീത്തയായി ഡോ. ഗീവർഗിസ് മാർ തിയഡോഷ്യസ്
Monday, July 13, 2020 12:56 AM IST
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയായി ഡോ. ഗീവർഗിസ് മാർ തിയഡോഷ്യസ് നിയോഗിക്കപ്പെട്ടു. ഇന്നലെ സഭാ ആസ്ഥാനമായ തിരുവല്ല പൂലാത്തീൻ ചാപ്പലിൽ വിശുദ്ധ കുർബാനമധ്യേയായിരുന്നു നിയോഗ ശുശ്രൂഷ. സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
കുർബാനയ്ക്ക് നിയുക്ത സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നിയോഗ ശുശ്രൂഷ പ്രത്യേക പ്രാർഥനകളോടെ മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിച്ചു. എപ്പിസ്കോപ്പമാരായ ഡോ.യൂയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തീമോത്തിയാസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ. തോമസ് മാർ തീത്തോസ്, സഭാ സെക്രട്ടറി റവ. കെ.ജി.ജോസഫ് എന്നിവർ സഹകാർമികത്വം വഹിച്ചു. സഭാധ്യക്ഷനെ ഭരണകാര്യങ്ങളിൽ സഹായിക്കുകയാണ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ ചുമതല.
റാന്നി - നിലയ്ക്കൽ, മുംബൈ ഭദ്രാസനങ്ങളുടെ അധ്യക്ഷനായും ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് പ്രവർത്തിക്കുന്നുണ്ട്.
സഫ്രഗൻ മെത്രാപ്പോലീത്തയെന്ന നിലയിൽ അദ്ദേഹത്തിനു പ്രത്യേകമായ ചുമതലകൾ നൽകുമെന്നും മാർത്തോമ്മാ മെത്രാപ്പോലീത്ത അറിയിച്ചു.