തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും ഇരുന്നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സന്പർക്കത്തിലൂടെ രോഗബാധിതരായ 38 പേരുൾപ്പെടെ 225 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 126 പേർ രോഗമുക്തി നേടി. രണ്ടു മരണം കൂടി ഉണ്ടായി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 117 പേരും വിദേശത്തുനിന്നും 57 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.
കണ്ണൂർ ജില്ലയിലെ ഏഴ് ഡിഎസ്സി ജവാന്മാർക്കും രണ്ട് സിഐഎസ്എഫ് ജവാന്മാർക്കും തൃശൂർ ജില്ലയിലെ രണ്ട് ബിഎസ്എഫ്കാർക്കും കപ്പൽ ജീവനക്കാരായ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സന്പർക്കത്തിലൂടെ രോഗം ബാധിച്ച 38 പേരിൽ 22 പേരും തിരുവനന്തപുരം ജില്ലയിലുള്ളവരാണ്.
കോഴിക്കോട്-അഞ്ച്, കാസർഗോഡ്-നാല്, എറണാകുളം-മൂന്ന്, മലപ്പുറം-രണ്ട്, കൊല്ലം-ഒന്ന്, ആലപ്പുഴ-ഒന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ സന്പർക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം.
നിലവിൽ 2,228 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3174 പേർ രോഗമുക്തി നേടി. 1,80,939 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,77,995 പേർ വീടുകളിലും ക്വാറന്റൈൻ കേന്ദ്രങ്ങളിലും 2,944 പേർ ആശുപത്രികളിലുമാണ്. 377 പേരെയാണ് ഇന്നലെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതിയ 24 ഹോട്ട്സ്പോട്ടുകൾ
ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (കണ്ടെയ്ൻമെന്റ് സോണ്‍ വാർഡ് 16), തുറവൂർ (1, 16, 18), കുത്തിയതോട് (1, 16), എഴുപുന്ന (15), അന്പലപ്പുഴ സൗത്ത് (2), ചെറിയനാട് (7), കൊല്ലം ജില്ലയിലെ കൊല്ലം കോർപറേഷൻ (53), കൊട്ടാരക്കര മുനിസിപ്പാലിറ്റി (2, 4, 6, 7, 8), മേലില (15), തേവലക്കര (8), ആലപ്പാട് (അഴീക്കൽ ഹാർബർ), എറണാകുളം ജില്ലയിലെ പറവൂർ മുനിസിപ്പാലിറ്റി (8), കൊടുങ്ങല്ലൂർ (8), തൃക്കാക്കര മുനിസിപ്പാലിറ്റി (28), ആലുവ മുനിസിപ്പാലിറ്റി (ആലുവ മാർക്കറ്റ്), പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (7), കൊടുവായൂർ (13), വാണിയംകുളം (6), ആനക്കര (3), കണ്ണൂർ ജില്ലയിലെ കടന്പൂർ (3), കീഴല്ലൂർ (3), കുറ്റിയാട്ടൂർ (13), കുന്നോത്തുപറന്പ് (15), തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് (12, 13).
ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കി
കണ്ണൂർ ജില്ലയിലെ വേങ്ങാട് (കണ്ടെയ്ൻമെന്റ് സോണ്‍ സബ് വാർഡ് 12), ഉള്ളിക്കൽ (വാർഡ് 19), ചെങ്ങളായി (14), കാടാച്ചിറ (3), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലയാറ്റൂർ നീലീശ്വരം (15) എന്നിവയെയാണ് കണ്ടെയിൻമെന്റ് സോണിൽനിന്നും ഒഴിവാക്കിയത്.
ആകെ153 ഹോട്ട്സ്പോട്ടുകളാണുള്ളത്.