തിരുവനന്തപുരം കോര്പറേഷന് പരിധിയിൽ പരീക്ഷകള്‍ മാറ്റിവച്ചു
Monday, July 6, 2020 12:42 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്പറേഷന് പരിധിയിലെ കേരള സര്‍വകലാശാലാ പരീക്ഷാകേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ നടത്താനിരുന്ന സിബിസിഎസ്എസ്/ സിബിസിഎസ്എസ് (കരിയര്‍ റിലേറ്റഡ്), സിഎസ്എസ്, എല്‍എല്‍ബി, എംബിഎ, ബിഎഡ്, വിദൂരവിദ്യാഭാസം ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചു.
മറ്റു പരീക്ഷാ കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാതെ വരുന്ന വിദ്യാര്‍ഥികള്‍ക്ക് റവന്യൂ അധികാരികളുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രത്യേക പരീക്ഷയില്‍ പങ്കെടുക്കാൻ അവസരമൊരുക്കും.
കോട്ടയം: എംജി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇന്നു മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലുള്ള പരീക്ഷാ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ലോക്ക് ഡൗണ്‍ പിൻവലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കണ്ട്രോളർ അറിയിച്ചു.