ഇരട്ട സഹോദരങ്ങൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു
Saturday, March 28, 2020 12:52 AM IST
കായംകുളം: മുതുകുളത്തു വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു. കായംകുളം മുതുകുളം തെക്ക് പുത്തൻവീട്ടിൽ (വേലിയിൽ) പരേതനായ ഉദയന്റയും രമണിയുടെയും മക്കളായ അഖിൽ (28), അരുണ്‍ (28) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞു രണ്ടോടെയായിരുന്നു സംഭവം.
സഹോദരീ ഭർത്താവ് റെജിയോടൊപ്പം വീടിനു സമീപത്തുള്ള വെള്ളക്കെട്ടിൽ കിടന്ന മരച്ചില്ലകൾ വാരി കരയിലേക്കു നീക്കുന്നതിനിടെ അഖിൽ മണ്ണെടുത്ത കുഴിയിൽ താഴ്ന്നു പോയി. ഇതുകണ്ടു രക്ഷിക്കാൻ ചാടിയ അരുണും അപകടത്തിൽപെടുകയായിരുന്നു. ചാലിനു മറുകരയിൽനിന്ന റെജി വടവുമായി ഓടിയെത്തിയപ്പോഴേക്കും ഇരുവരും കയത്തിൽ താഴ്ന്നു പോയിരുന്നു. ഓടിക്കൂടിയ സമീപവാസികൾ ഇരുവരെയും മുങ്ങിയെടുത്ത് ഉടൻ മുതുകുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ മാസം 18 നായിരുന്നു റിട്ട. ഗ്രഫ് സൈനികനായിരുന്ന ഇവരുടെ പിതാവ് ഉദയകുമാർ മരണപ്പെട്ടത്.
മരണമറിഞ്ഞ് ജോലി സ്ഥലത്തുനിന്നു നാട്ടിലെത്തിയ അഖിലും അരുണും ലോക്ക് ഡൗണായതിനാൽ തിരികെ പോയില്ല. കഴിഞ്ഞ ഡിസംബർ 22നായിരുന്നു അരുണിന്റെ വിവാഹം. ഭാര്യ: വിനീത. സഹോദരി: അഞ്ജന. കനകക്കുന്ന് പോലീസ് മേൽ നടപടി സ്വീകരിച്ചു.