റവ.ഡോ.ടി.സി. ജോർജ് പുരസ്കാരം കെ.വി. തോമസിന്
Saturday, February 29, 2020 12:49 AM IST
മല്ലപ്പള്ളി: തുരുത്തിക്കാട് ബിഎഎം കോളജ് സ്ഥാപക മാനേജർ റവ.ഡോ.ടി.സി. ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 17 -ാമത് പുരസ്കാരം പുല്ലാട് ആനമല എംടിഎൽപി സ്കൂൾ പ്രഥമാധ്യാപകൻ കെ.വി. തോമസിന്.
ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസ പുരോഗതിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശാക്തീകരണത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മാർച്ച് രണ്ടിന് കോളജ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ വിതരണം ചെയ്യും.
രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ പുരസ്കാരദാനം നിർവഹിക്കും. കോളജ് മാനേജർ ഏബ്രഹാം ജെ. ജോർജ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ മൂന്നരപതിറ്റാണ്ടായി അധ്യാപനരംഗത്തുള്ള കെ.വി. തോമസ് മല്ലപ്പള്ളി പരിയാരം കുഴിമണ്ണിൽ കുടുംബാംഗമാണ്. നീരേറ്റുപുറം എംടിഎൽപി സ്കൂൾ പ്രഥമാധ്യാപിക ആനി ഫിലിപ്പാണ് ഭാര്യ. മക്കൾ: രഞ്ജിത്, രോഹിത്.