മംഗലപ്പുഴ, വടവാതൂർ, കുന്നോത്ത് മേജർ സെമിനാരികൾക്കു പുതിയ റെക്ടർമാർ
Wednesday, February 26, 2020 12:30 AM IST
കാക്കനാട്: സീറോ മലബാർ സഭയുടെ മൂന്നു മേജർ സെമിനാരികളിൽ സഭയുടെ മെത്രാൻസിനഡിന്റെ തീരുമാനപ്രകാരം പുതിയ റെക്ടർമാരെ നിയമിച്ചു. പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റിനെയും പൗരസ്ത്യ കാനൻ നിയമ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറെയും അവരുടെ സ്ഥാനങ്ങളിൽ ഒരു ടേമിലേക്കു കൂടി നിയമിച്ചു. ഇന്നലെ വിവിധ മേജർ സെമിനാരികളിൽ സീറോ മലബാർ സിനഡിന്റെ മേജർ സെമിനാരികൾക്കു വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻമാരാണ് നിയമന പ്രഖ്യാപനം നടത്തിയത്.
മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടറായി റവ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിലിനെയും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ റെക്ടറായി റവ. ഡോ. സ്കറിയ കന്യാകോണിലിനെയും തലശേരി കുന്നോത്ത് ഗുഡ്ഷെപ്പേർഡ് സെമിനാരി റെക്ടറായി റവ. ഡോ. ജേക്കബ് ചാണിക്കുഴിയിലിനെയും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റായി സേവനം ചെയ്തുവരുന്ന റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേലിനെയും വടവാതൂർ പൗരസ്ത്യവിദ്യാപീഠം പൗരസ്ത്യ കാനൻ നിയമ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സേവനം ചെയ്തുവരുന്ന റവ. ഡോ. ജയിംസ് തലച്ചെല്ലൂരിനെയും തൽസ്ഥാനങ്ങളിലേക്കു വീണ്ടും നിയമിച്ചു.
മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടർ റവ. ഡോ. മാത്യു ഇല്ലത്തുപറന്പിൽ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. ജോയി ഐനിയാടൻ, തലശേരി കുന്നോത്ത് ഗുഡ്ഷെപ്പേർഡ് സെമിനാരി റെക്ടർ റവ. ഡോ. ഇമ്മാനുവേൽ ആട്ടേൽ എന്നിവരുടെ സേവനകാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
റവ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ ഇടുക്കി രാമക്കൽമേട് ഇടവകയിൽ പാലമൂട്ടിൽ പരേതനായ തോമസ് - അന്നമ്മ ദന്പതികളുടെ ഇളയമകനായി 1969ൽ ജനിച്ചു. 1996 ജനുവരി രണ്ടിനു കാഞ്ഞിരപ്പള്ളി രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം റോമിലെ സെന്റ് തോമസ് പൊന്തിഫിക്കൽ സർവകലാശാലയിൽനിന്ന് 2006ൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. കൂടാതെ ദൈവശാസ്ത്രത്തിൽ ജർമനിയിലെ റേഗൻസ്ബുർഗ് സർവകലാശാലയിൽ 2015ൽ ഡോക്ടറൽ ഗവേഷണം ആരംഭിച്ചു. 2019ൽ ഗവേഷണ പ്രബന്ധം സമർപ്പിച്ചു. 2018 മുതൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തത്വശാസ്ത്ര വിഭാഗം അസോസിയേറ്റ് ഡീൻ ആയി സേവനം ചെയ്യുന്ന അദ്ദേഹം മംഗലപ്പുഴ സെമിനാരിയുടെ മുൻ പ്രൊക്യൂറേറ്റർ കൂടിയാണ്.
റവ. ഡോ. സ്കറിയാ കന്യാകോണിൽ ചങ്ങനാശേരി അതിരൂപതയിലെ വെളിയനാട് സെന്റ് സേവ്യേഴ്സ് ഇടവകയിലെ കന്യാകോണിൽ കെ.എസ്. ചെറിയാൻ- ഏലിയാമ്മ ദന്പതികളുടെ മകനായി 1964ൽ ജനിച്ചു. 1992 ഡിസംബർ 29 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2002ൽ ലുവയ്നിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽനിന്നു ധാർമികദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റും 2016ൽ ഇന്ദിരാഗാന്ധി ഓപ്പണ് യൂണിവേഴ്സിറ്റിയിൽനിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. വടവാതൂർ സെമിനാരിയുടെ വൈസ് റെക്ടറായും പൗരസ്ത്യവിദ്യാപീഠത്തിന്റെ വൈസ്പ്രസിഡന്റായും സേവനമനുഷ്ഠിച്ചു്. ധാർമികദൈവശാസസ്ത്രത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് പല ഗ്രന്ഥങ്ങളും അനേകം ലേഖനങ്ങളും രചിച്ചിട്ടുണ്ട്.
എറണാകുളം- അങ്കമാലി അതിരൂപതാംഗമായ ഫാ. ജേക്കബ് ചാണിക്കുഴി വൈക്കം ഫൊറോന ഇടവകയിൽ ചാണിക്കുഴി (പരേതനായ) ജോസഫ്- മേരി ദന്പതികളുടെ മകനായി 1966 ഒക്ടോബർ 13 ന് ജനിച്ചു. 1993 ജനുവരി രണ്ടിനു പൗരോഹിത്യം സ്വീകരിച്ചു. ബൽജിയം ലുവെയ്ൻ സർവകലാശാലയിൽനിന്ന് 2004ൽ ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റ് നേടി. 2006 മുതൽ 2014 വരെ കുന്നോത്ത് മേജർ സെമിനാരിയിൽ ബൈബിൾ അധ്യാപകനായി സേവനം ചെയ്തു. 2014 മുതൽ മംഗലപ്പുഴ സെമിനാരിയിൽ ബൈബിൾ പ്രഫസറായി സേവനം ചെയ്തുവരികെയാണ് റെക്ടറായി നിയമനം ലഭിക്കുന്നത്.
റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ പാലാ രൂപതയ്ക്കുവേണ്ടി 1989ൽ വൈദികനായി; റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നുമായി വിശുദ്ധഗ്രന്ഥത്തിൽ ഡോക്ടറേറ്റ് നേടി. 2001 മുതൽ വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പൗരസ്ത്യവിദ്യാപീഠത്തിലും വിശുദ്ധഗ്രന്ഥാധ്യാപകനായി ശുശ്രൂഷ ചെയ്യുന്നു. നിരവധി ബൈബിൾ വിജ്ഞാനീയ ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ കർത്താവായ ഡോ. ആൻഡ്രൂസ് 2017ൽ വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിന്റെ പ്രസിഡന്റായി നിയമിതനായി.
റവ. ഡോ. ജയിംസ് തലച്ചെല്ലൂർ കാഞ്ഞിരപ്പള്ളി രൂപതയ്ക്കുവേണ്ടി 1980 ൽ വൈദികനായി 1990 ൽ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പൗരസ്ത്യ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ 2005 മുതൽ കാനൻ നിയമം പഠിപ്പിക്കുന്നു. 2017 ൽ വടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിൽ പൗരസ്ത്യ കാനൻ നിയമ പഠനത്തിനുള്ള ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായപ്പോൾ അതിന്റെ പ്രഥമ ഡയറക്ടറായി നിയമിതനായി. കാഞ്ഞിരപ്പള്ളി രൂപതാ വികാരിജനറാൾ, ചാൻസിലർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.