കൊച്ചി: എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും സെന്റ് തെരേസാസ് കോളജിന്റെയും കേരള ദര്‍ശന വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഡോ. സി.വി. ആനന്ദബോസ്-ലക്ഷ്മി ദമ്പതികളുടെ ഏകമകള്‍ നന്ദിതബോസിന്റെ അനുസ്മരണം 24ന് എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങ് കേരള ലോകായുക്തയും സുപ്രീംകോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും.
ബിഷപ് ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലിസ് അനുഗ്രഹപ്രഭാഷണം നടത്തും. റവ. ഡോ. റോബി കണ്ണഞ്ചിറ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നന്ദിത ബോസ് വിദേശത്ത് രോഗശയ്യയില്വച്ച് എഴുതിയ വൈകാരിക ആത്മസ്പര്‍ശങ്ങള്‍ ഉള്‍കൊള്ളുന്ന മാഡ് ഫോര്‍ ഈച്ച് അദര്‍ എന്ന കൃതിയുടെ പ്രകാശനം ടി.ആര്. കേശവനു നല്കി ജസ്റ്റീസ് സിറിയക് ജോസഫ് നിര്‍വഹിക്കും. ബിഷപ് ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലിസ് ഓഡിയോ ബുക്ക് പ്രകാശനം ചെയ്യും.
ഡോ. സിസ്റ്റര്‍ വിനീത, മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍. രാധാകൃഷ്ണന്, പ്രഫ. ഡോ. സി.വി. മോഹന്‍ ബോസ്, ഡോ. സജിമോള്‍ അഗസ്റ്റിന്, ഡോ. മൂസകുഞ്ഞ്, മനു രാജഗോപാല്‍, കലാമണ്ഡലം വിമല മേനോന്, രമ്യ ആര്. കുമാര്‍, എ.പി. മത്തായി, കുമ്പളം രവി, ജോളി പവേലി തുടങ്ങിയവര്‍ അനുസ്മരണപ്രസംഗം നടത്തും. നൃത്തം, ചിത്രരചന, പ്രസംഗം എന്നിവയില്‍ മികവ് കാട്ടുന്ന വിദ്യാര്‍ഥിനികള്‍ക്കു 5001 രൂപ വീതം നന്ദിതബോസ് പുരസ്കാരം നല്‍കും.
മാഡ് ഫോര്‍ ഈച്ച് അദര്‍ എന്ന പുസ്തകം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് സമര്‍പ്പിച്ചിരിക്കുന്നത്. പുസ്തകത്തില്‍ നിരവധി അധ്യായങ്ങളില്‍ വിശുദ്ധനെക്കുറിച്ചും ലൂര്‍ദ് മാതാവിനെക്കുറിച്ചും പ്രതിപാദിക്കുന്നു. മികച്ച നര്‍ത്തകിയായിരുന്ന നന്ദിത കലാമണ്ഡലം വിമല മേനോന്റെ ശിഷ്യയായിരുന്നു. വിദേശരാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളുടെ സാംസ്കാരിക വേദികളില്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചു ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയുടെ കള്‍ച്ചറല്‍ അംബാസഡര്‍ എന്നാണു ജര്‍മന്‍ സാംസ്കാരിക മന്ത്രി നന്ദിതാബോസിനെ വിശേഷിപ്പിച്ചത്. ചിത്രകാരി, എഴുത്തുകാരി, യാത്രിക എന്നീ നിലകളിലും നയതന്ത്രവൃത്തങ്ങളില്‍ അംഗീകാരം നേടിയിട്ടുള്ള നന്ദിത ബോസ്, ബെസ്റ്റ് ഓഫ് ഇന്ത്യ എന്ന പേരില്‍ മെഗാ ഷോ സംഘടിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ലോകത്തോടു വിടപറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.