സ്വകാര്യബില്‍ നിര്‍ഭാഗ്യകരം: കെസിബിസി വിധവാ ഫോറം
Saturday, February 15, 2020 11:47 PM IST
കൊച്ചി: സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച, രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ വക ആനുകൂല്യങ്ങള്‍ നിഷേധിക്കണം എന്ന സ്വകാര്യബില്‍ നിര്‍ഭാഗ്യകരമെന്നു കെസിബിസി വിധവാ ഫോറം (നവോമി യുദിത്ത് ഫോറം) വിലയിരുത്തി.
രണ്ടു മക്കളില്‍ കൂടിയാല്‍ ആ കുടുബത്തിന് അര്‍ഹതയുള്ള സബ്സിഡി അടക്കമുള്ള എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിര്‍ത്തലാക്കണമെന്ന നിബന്ധനയാണ് ഈ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ദുരുദ്ദേശപരമാണെന്നും പാലാരിവട്ടം പിഒസിയില്‍ നടന്ന യോഗം വിലയിരുത്തി. കെസിബിസി ഫാമിലി കമ്മീഷന് സെക്രട്ടറി ഫാ. പോള്‍ മാടശേരി അധ്യക്ഷത വഹിച്ചു.
ജീവന്റെ മൂല്യത്തെക്കുറിച്ച് ആഴത്തില്‍ അവബോധമുള്ള ഒരു ജനതയും ജീവനെ വിലമതിക്കുന്ന സംസ്കാരവുമുള്ള ഇന്ത്യയെപ്പോലുള്ള രാജ്യം ഇത്തരത്തില്‍ ഒരു നിയമനടപടിക്ക് ഒരുങ്ങുന്നതു ശരിയായ നടപടിയല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. കെസിബിസി വിധവാ ഫോറം സംസ്ഥാന പ്രസിഡന്റ് ഷീബ ഡ്യുറോം ജനറല്‍ സെക്രട്ടറി ഫിലോമിന തോമസ്, വൈസ് പ്രസിഡന്റ് ഷെറില്‍ ലൂയിസ്, മരിയ ഏബ്രഹാം, ഷീല ആന്റണി, മിനി ജോണ്സണ്, മേരി ജോണ്‍, സരളമ്മ ജോണ്‍, ഏലിയാമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.