ജയരാജന്റെ സ്വപ്നങ്ങള്‍ക്കു ചിറക് നല്കി യൂസഫലി
Thursday, January 30, 2020 12:51 AM IST
കൊച്ചി: ജയരാജന്റെ സ്വപ്നങ്ങള്‍ക്കു ചിറകു നല്കി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ കാരുണ്യഹസ്തം. ഒമ്പത് വര്‍ഷം മുമ്പ് പനയില്‍ നിന്നു വീണ് ശരീരം തളര്‍ന്ന് വര്‍ഷങ്ങളായി കിടപ്പിലായിപ്പോയ കോട്ടയം ഏറ്റുമാനൂര്‍ പേരൂര്‍ വടക്കേ പുളന്താനത്ത് ജയരാജന് (48) ലുലു ഗ്രൂപ്പ് ചെയര്മാന് കൈമാറിയ അത്യാധുനിക ഇലക്ട്രിക് വീല്‍ചെയറില്‍ സ്വതന്ത്രനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ ചിറക് തിരിച്ചു കിട്ടിയ പക്ഷിയുടെ ആഹ്ലാദം.
കൂലിവേല ചെയ്തു കുടുംബം പോറ്റിയിരുന്ന ജയരാജന് പനയില്‍ കയറി ഓല വെട്ടുന്നതിനിടയിലാണ് പിടിവിട്ട് താഴെ വീണത്.
നട്ടെല്ല് ഒടിഞ്ഞ് അതീവഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ജയരാജന്, ശരീരത്തിന്റെ പകുതി ഭാഗവും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായി. പരസഹായമില്ലാതെ മലമൂത്ര വിസര്‍ജനം പോലും നടത്താന്‍ കഴിയാതെ ഒമ്പത് വര്‍ഷമായി ദുരിതജീവിതം നയിച്ചുവരികയായിരുന്നു.
നല്ലൊരു വീല്‍ചെയര്‍ കിട്ടിയാല്‍ സ്വതന്ത്രനായി വീടിന് പുറത്തിറങ്ങാനും എന്തെങ്കിലും വരുമാനം കണ്ടെത്താനും കഴിയുമെന്ന പ്രതീക്ഷയില്‍ ജയരാജന് ഫേസ്ബുക്കിലൂടെ എം.എ.യൂസഫലിയോട് നടത്തിയ അഭ്യര്ഥനയാണ് ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
യൂസഫലി ജയരാജനെക്കുറിച്ച് അന്വേഷിക്കുകയും ദയനീയാവസ്ഥ മനസിലാക്കി ബാംഗളൂരില്‍ നിന്നു പ്രത്യേകമായി നിര്‍മിച്ച ആധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കുകയുമായിരുന്നു. ലുലു ഗ്രൂപ്പ് മീഡിയാ കോ -ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് കഴിഞ്ഞ ദിവസം ജയരാജന്റെ വീട്ടിലെത്തി വീല്‍ചെയര്‍ കൈമാറി.