നാഷണൽ ലോ യൂണിവേഴ്സിറ്റി ഡൽഹിയിൽ പഞ്ചവത്സര എൽഎൽബി മുതൽ പിഎച്ച്ഡി പ്രോഗ്രാം വരെയുള്ള കോഴ്സുകളിൽ അഡ്മിഷൻ നടത്താനുള്ള ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എഐഎൽഇടി) മേയ് മൂന്നിനു രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. കേരളത്തിൽ കൊച്ചി പരീക്ഷാ കേന്ദ്രമാണ്. പഞ്ചവത്സര ബിഎ എൽഎൽബി, എൽഎൽഎം, പിഎച്ച്ഡി പ്രോഗ്രാമുകൾക്കാണ് എഐഎൽഇടി വഴി അഡ്മിഷൻ നടത്തുന്നത്. ഏപ്രിൽ എട്ടിനകം അപേക്ഷിക്കണം.
അഹദാബാദ്, ബംഗളൂരു, ഭോപ്പാൽ, ചണ്ഡിഗഡ്, ചെന്നൈ, കട്ടക്, ന്യൂഡൽഹി, ഗോഹട്ടി, ഹൈദരാബാദ്, ജയ്പുർ, ജമ്മു, ജോധ്പുർ, കോൽക്കത്ത, ലക്നോ, മുംബൈ, പാറ്റ്ന, റായ്പുർ, വാരണാസി, നാഗ്പുർ എന്നിവിടങ്ങളിലാണു മറ്റു പരീക്ഷാകേന്ദ്രങ്ങൾ.
പഞ്ചവത്സര ബിഎ എൽഎൽബി: 50 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ആകെ 80 സീറ്റ് ഉള്ളതിൽ 70 സീറ്റും നികത്തുന്നത് എഐഎൽഇടി വഴിയാണ്. ഉച്ചകഴിഞ്ഞു മൂന്നു മുതൽ 4.30 വരെയാണു പരീക്ഷ. ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പൗരധർമം, നിയമഅഭിരുചി, ബൗദ്ധികശേഷി, കണക്ക് എന്നീ വിഭാഗങ്ങളിൽനിന്നു ചോദ്യങ്ങൾ ഉണ്ടാകും. വാർഷിക ട്യൂഷൻ ഫീസ് 85,000 രൂപ. രജിസ്ട്രാറുടെ പേരിൽ 550 രൂപയുടെ ഡിഡി സഹിതം അപേക്ഷിച്ചാൽ മുൻവർഷങ്ങളിലെ ചോദ്യപേപ്പർ ലഭിക്കും.
എൽഎൽഎം: ഒരു വർഷത്തെ കോഴ്സിന് 55 ശതമാനം മാർക്കോടെ എൽഎൽബി പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ആകെ സീറ്റ് 25. ഒന്നര മണിക്കൂർ പരീക്ഷയിൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾക്കു പുറമേ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉപന്യാസ മാതൃകയിലുള്ള ചോദ്യങ്ങളും ഉണ്ടാകും. കോഴ്സ് ഫീസ് 1,25,000 രൂപ.
പിഎച്ച്ഡി: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണു യോഗ്യത. നെറ്റ്, ജെആർഎഫ്, എംഫിൽ എന്നിവയുള്ളവർ പ്രവേശന പരീക്ഷ എഴുതേണ്ട.
രജിസ്ട്രാറുടെ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന 3,050 രൂപയുടെ(സംവരണ വിഭാഗങ്ങൾക്ക് 1050 രൂപ) ഡിഡി സഹിതം അപേക്ഷിച്ചാൽ അപേക്ഷാ ഫോം ലഭിക്കും. ഓണ്‍ലൈനായും അപേക്ഷിക്കാം.
പട്ടിക ജാതി-വർഗക്കാരിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് അപേക്ഷാ ഫീസ് ഇല്ല.
പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ എട്ട്.
കൂടുതൽ വിവരങ്ങൾക്കും ഓണ്‍ലൈൻ രജിസ്ട്രേഷനും: www.nludelhi.ac.in.
വിലാസം: രജിസ്ട്രാർ, നാഷണൽ ലോ യൂണിവേഴ്സിറ്റി ഡൽഹി, സെക്ടർ14, ദ്വാരക, ന്യൂഡൽഹി-110078. ഫോണ്‍: 01128034993, 28034257.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.