കാൽനടയായി ശബരിമലയ്ക്ക് പോയ അയ്യപ്പഭക്തൻ കാറിടിച്ച് മരിച്ചു
Friday, December 13, 2019 12:17 AM IST
രാമപുരം: ശബരിമലയ്ക്ക് കാൽനടയായി പോയ അയ്യപ്പഭക്തൻ കാറിടിച്ച് മരിച്ചു. അടിമാലി കല്ലാർകുട്ടി സ്വദേശി കാക്കാട്ടൂർ ദിവാകരനാണ്(65)മരിച്ചത്. പാലാ - തൊടുപുഴ റോഡിൽ മാനത്തൂർ പള്ളി ജംഗ്ഷന് സമീപമുള്ള അങ്കണവാടിയുടെ മുൻവശത്ത് ഇന്നലെ രണ്ടിനായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് പൈകയിലേക്ക് പോയ കാറാണ് ദിശ തെറ്റി ശബരിമല തീർഥാടകനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇയാളെ നാട്ടുകാർ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. രാമപുരം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടു വളപ്പിൽ .ഭാര്യ രാധാമണി കോടിയാനിച്ചറ കുടുംബാംഗം. മക്കൾ ദീപ, ദിവ്യ. മരുമകൻ ശ്രീക്കുട്ടൻ.