ഗോത്ര ഉത്പന്നങ്ങൾ ഇനി ആമസോണിലൂടെയും
Monday, December 9, 2019 12:48 AM IST
ആലപ്പുഴ: സംസ്ഥാനത്തെ ഗോത്രസംരംഭകരുടെ ഉത്പന്നങ്ങൾ പട്ടികജാതി - പട്ടികവർഗ വികസന വകുപ്പുകളുടെ സഹായത്തോടെ ഓണ്‍ലൈൻ വില്പനശൃംഖലയിലേക്ക്. ഇരുന്നൂറോളം ഉത്പന്നങ്ങളാണ് ആമസോണ്‍ വഴി വിപണിയിലെത്തിക്കുന്നത്. പട്ടികജാതി - പട്ടികവർഗ ജനവിഭാഗങ്ങളുടെ പരന്പരാഗത ഉത്പന്നങ്ങളും വനവിഭവങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാക്കും.
ഓണ്‍ലൈൻ പോർട്ടലിന്റെ ഉദ്ഘാടനം മാവേലിക്കര കോടിക്കൽ ഗാർഡൻസിൽ നടക്കുന്ന ഗദ്ദിക 2019ന്റെ വേദിയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചിരുന്നു.
ലോകത്തെവിടെനിന്നും പാരന്പര്യ ഗോത്ര ഉത്പന്നങ്ങൾ വാങ്ങാൻ ഇതുവഴി സാധിക്കും. ആമസോണിന്റെ വെബ്സൈറ്റിലോ ആപ്പിലോ ഗദ്ദിക എന്നു സർച്ച് ചെയ്താൽ ഉത്പന്നങ്ങളുടെ ലിസ്റ്റ് ലഭിക്കും. ( https://www. amazon.in/s?k=gadhika&ref=nb_sb_noss_2 ).
വയനാടൻ മഞ്ഞൾ, കുരുമുളക്, തേൻ, വിവിധ അച്ചാറുകൾ, മുളയിൽ തീർത്ത പുട്ടുകുറ്റി, റാന്തൽ, ചിരട്ട പുട്ടു മേക്കർ, മുളയിൽ തീർത്ത മഗ്ഗും ജഗ്ഗും, വാട്ടർ ബോട്ടിൽ, മുള കൊണ്ടുള്ള വിശറി, ചിരട്ട കൊണ്ടുണ്ടാക്കിയ കൂജ, പഴ്സ്, ബാഗ്, പാളത്തൊപ്പി തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ ഇതുവഴി ലഭിക്കും.