എർത്ത് കന്പിയിൽനിന്നു ഷോക്കേറ്റു വീട്ടമ്മ മരിച്ചു
Monday, October 14, 2019 11:13 PM IST
രാമപുരം: വീടു പണിയുന്നതിനു വേണ്ടി താത്കാലികമായി സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്ററിന്റെ എർത്ത് കന്പിയിൽനിന്നു ഷോക്കേറ്റു വീട്ടമ്മ മരിച്ചു. രാമപുരം വളക്കാട്ടുകുന്നേൽ കുന്നേൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ രമണി (65) ആണ് മരിച്ചത്. രമണി തനിച്ചാണു താമസിക്കുന്നത്. ഭർത്താവ് മരിച്ചിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ. താത്കാലികമായി വൈദ്യുതി കണക്ഷൻ എടുത്തിട്ട് ഒരു വർഷത്തിലേറെയായി. വീടുപണിത് വയറിംഗ് നടത്തിയിരുന്നു.
രമണിയുടെ മകൾ സുനി ഞായറാഴ്ച രാത്രി രമണിയെ വിളിച്ചിരുന്നു എന്നാൽ, ഫോണ് എടുക്കാത്തതിനെത്തുടർന്ന് രാവിലെ മകൾ വിളിച്ചു സമീപത്തുള്ള ഭർതൃസഹോദരന്റെ വീട്ടിൽ അറിയിച്ചു. ഇവർ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറ്റത്ത് എർത്ത് കന്പിയിൽ തട്ടി മരിച്ച നിലയിൽ കണ്ടെ ത്തിയത്. രാമപുരം പോലീസ് മേൽനടപടി സ്വീകരിച്ചു.
സംസ്കാരം ഇന്നു രാവിലെ 11 ന് വീട്ടുവളപ്പിൽ. പരേത അറക്കുളം ചക്കുപറന്പിൽ കുടുംബാംഗമാണ്. മക്കൾ: മിനി, സിനി, അനി, സുനി. മരുമക്കൾ: അശോകൻ, ബിജു രതീഷ്, രതീഷ്.