കമ്പനികൾക്കു പൊളിക്കാനുള്ള കെട്ടിടങ്ങൾ നിശ്ചയിച്ചു
Sunday, October 13, 2019 1:16 AM IST
മരട്: ഫ്ലാറ്റുകൾ പൊളിക്കാനായി കരാർ ഏറ്റെടുത്ത കമ്പനികൾക്കു കൈമാറുന്ന പൊളിച്ചുമാറ്റാനുള്ള കെട്ടിടങ്ങൾ ഏതൊക്കെയെന്നു ധാരണയായി.
നാലിടങ്ങളിലായി അഞ്ചു ബഹുനില കെട്ടിടങ്ങളാണുള്ളത്. മരട് നഗരസഭയ്ക്കു സമീപത്തെ ഹോളി ഫെയ്ത്ത് എച്ച്ടുഒ, കണ്ണാടിക്കാട് ചമ്പക്കര കനാലിന് സമീപത്തുള്ള ഗോൾഡൻ കായലോരം, നെട്ടൂർ കേട്ടെഴുത്തുംകടവിലുള്ള ജെയിൻ കോറൽ കോവ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങൾ മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എൻജിനിയറിംഗ് കമ്പനിയാണു പൊളിക്കുക.
നെട്ടൂരിൽ തന്നെയുള്ള ആൽഫാ വെഞ്ചേഴ്സിന്റെ ആൽഫാ സെറീനിലെ ഇരട്ടക്കെട്ടിടങ്ങൾ ചെന്നൈയിലെ വിജയാ സ്റ്റീൽസ് കമ്പനി പൊളിക്കും. മുനിസിപ്പൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചശേഷം സർക്കാർ ഉത്തരവ് ഇറങ്ങിയാലുടൻ ഫ്ളാറ്റുകൾ കമ്പനികൾക്കു കൈമാറുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. അംഗീകാരം നൽകാൻ തിങ്കളാഴ്ച വീണ്ടും നഗരസഭാ കൗൺസിൽ യോഗം ചേരുമെന്നു സൂചനയുണ്ട്.