കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റർകോളീജിയറ്റ് ഫാഷൻ ഷോ മത്സരത്തിൽ (നാസാകത്) എട്ടോളം കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ റാന്പിൽ ചുവടുവച്ചു. തൃശൂർ വിമൻസ് അക്കാഡമി ഓഫ് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി ഒന്നാം സ്ഥാനവും കൊല്ലം ഐഎഫ്റ്റികെ, രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി.
വിജയികൾക്കു 35,000 രൂപ, 20,000 രൂപ, 10,000 രൂപ സമ്മാനമായി ലഭിച്ചു. മത്സരത്തിൽ ’മിസ്റ്റർ നാസാകത്’, ’മിസിസ് നാസാകത്’ സ്ഥാനങ്ങൾ സ്വന്തമാക്കിയ നിധിൻ ദാസ്, മരിയ ലിയാണ്ട്ര എന്നിവർക്ക് ഒരു ലക്ഷം രൂപ മൂല്യമുള്ള ഫോട്ടോഷൂട്ടും സമ്മാനമായി ലഭിച്ചു.
പ്ലാറ്റിനം ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ യൂത്ത് റെഡ്ക്രോസ് യൂണിറ്റ് വാർ എക്സിബിഷനും പീസ് ബൈക്ക് റാലിയും സംഘടിപ്പിച്ചു. കൊച്ചി മേയർ സൗമിനി ജയിൻ ഫ്ളാഗ് ഓഫ് ചെയ്ത ബൈക്ക് റാലി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങളുമായി ജില്ലയിലെ എട്ടോളം കോളജുകൾ സന്ദർശിച്ചു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ സമാപന സമ്മേളനം ഇന്നു വൈകുന്നേരം നാലിന് ആരംഭിക്കും. പൂർവവിദ്യാർഥി സംഗമം, കലാ സാംസ്കാരിക സന്ധ്യ, ഹോസ്റ്റൽ സംഗമം, പ്ലാറ്റിനം ഹാർട്ടിയൻ ഫെസ്റ്റ് എന്നിവ നടക്കും. ധനമന്ത്രി ടി.എം. തോമസ് ഐസക്, കെ.വി. തോമസ് എംപി, മേയർ സൗമിനി ജെയിൻ, എംഎൽഎമാരായ കെ.എം. മാണി, ഹൈബി ഈഡൻ, റോജി എം. ജോണ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും.
75 വയസിനു മുകളിൽ പ്രായമുള്ള പൂർവവിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.