സർവാതെ, സച്ചിൻ ശരണം
Friday, February 28, 2025 1:44 AM IST
നാഗ്പുരിൽനിന്ന് എ.വി. സുനിൽ കുമാർ
രണ്ടാംദിവസം മൂന്നു സെഷനുകളിലായി ഒന്‍പത് വിക്കറ്റുകൾ കൊഴിഞ്ഞതോടെ കേരളവും വിദർഭയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ ആവേശപ്പോരാട്ടമായി രൂപം മാറുന്നു.
ഡാനിഷ് മലേവാറിന്റെ സെഞ്ചുറിയുടെ കരുത്തിൽ വിദർഭ ഉയർത്തിയ 379 റണ്‍സ് പിന്തുടർന്ന കേരളം രണ്ടാംദിവസം കളി അവസാനിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 എന്ന നിലയിലാണ്.
വിദർഭ മുൻതാരം ആദിത്യ സർവാതെ (66) ക്യാപ്റ്റൻ സച്ചിൻ ബേബി (ഏഴ്) എന്നിവരാണ് ക്രീസിൽ. 248 റണ്‍സിന്റെ ലീഡ് മറികടക്കാൻ കേരളം ഭഗീരഥപ്രയത്നം നടത്തേണ്ടിവരും. സീസണിലുടനീളം മികച്ച ഫോമിൽ തുടരുന്ന സർവാതെയും ഗുജറാത്തിനെതിരേ സെമിയിൽ ചെറുത്തുനിൽപ്പിന്റെ പര്യായമായ മുഹമ്മദ് അസ്ഹറുദ്ദിന്റെയും പ്രകടനമായിരിക്കും നിർണായകം.ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ പരിചയസന്പത്തും പ്രതീക്ഷയാണ്.
മൂന്നാംദിനം തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായാൽ മത്സരഗതി ഏറെക്കുറെ നിർണയിക്കപ്പെടും. വിദർഭയുടെ വൈവിധ്യമേറിയ ആക്രമണത്തെ പ്രതിരോധിക്കുക കേരള ബാറ്റർമാർക്ക് എളുപ്പമാകില്ല, പ്രത്യേകിച്ചും സ്പിന്നിന് അനൂകൂലമാകുന്ന ഘട്ടത്തിൽ.
നേരത്തെ നാലു വിക്കറ്റിന് 254 എന്ന നിലയിൽ രണ്ടാംദിനം തുടങ്ങിയ വിദർഭയ്ക്ക് 125 റണ്‍സിനിടെയാണ് ആറു വിക്കറ്റുകൾ നഷ്ടമായത്. ഇതിൽ യഷ് റാത്തോഡും അക്ഷയ് കാംവേറും മടങ്ങിയത് രോഹൻ കുന്നുമ്മലിന്റെ പറക്കും ക്യാച്ചിലൂടെയായിരുന്നു.
എതിരാളികളുടേതിനു സമാനമായി തകർച്ചയോടെയായിരുന്നു കേരള ഇന്നിംഗ്സിന്റെയും തുടക്കം. ഓപ്പണർമാരായ അക്ഷയ് ചന്ദ്രനെയും (14) രോഹൻ കുന്നുമ്മലിനെയും (0) ക്ലീൻബൗൾഡാക്കി ദർശൻ നല്‍കണ്ഡെ കേരളത്തെ ഞെട്ടിച്ചു. പിന്നീട് യുവതാരം അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് ആദിത്യ സർവാതെ നടത്തിയ രക്ഷാപ്രവർത്തനമാണ് വൻതകർച്ച ഒഴിവാക്കിയത്.
32ാം ഓവറിൽ അഹമ്മദ് ഇമ്രാനെ യഷ് ഠാക്കൂർ പകരക്കാരൻ എ.ആർ. മോക്ഹഡെയുടെ കൈകളിലെത്തിച്ചതോടെ വീണ്ടും ആശങ്ക. പിന്നാലെയെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബി (23 പന്തിൽ 7) സർവാതെയ്ക്കൊപ്പം (120 പന്തിൽ 66) ക്രീസിലുണ്ട്.
എറിഞ്ഞിടൂ ഭായി... ഇനി അടിച്ചുകയറണം

നാഗ്പുർ: എറിഞ്ഞിടണം ഭായി, അതേ വഴിയുള്ളൂ. നാഗ്പുരിലെ വിസിഎ സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ എട്ടുമണിയോടെ ബൗളിംഗ് പരിശീലനത്തിനെത്തിയ കേരള താരം എം. ഡി നിതീഷ് മത്സരത്തിലേക്കു തിരിച്ചെത്താനുള്ള ഏകവഴിയെന്ന മട്ടിൽ പറഞ്ഞു.
എൻ.പി ബേസിലും ഏദൻ ആപ്പിൾ ടോമും അരമണിക്കൂറിലേറെ ബൗളിംഗ് മൈതാനത്ത് തുടർന്നു. ടോപ്പ്ഓഡർ ബാറ്റർമാരായ അഹമ്മദ് ഇമ്രാനും ആദിത്യ സർവാതെയും മറുഭാഗത്ത് ബാറ്റിംഗ് പരിശീലനത്തിലായിരുന്നു.
കളിക്കാർക്കൊപ്പം പരിശീലകൻ അമയ് ഖുറേസിയയും ആദ്യവസാനം ഉണ്ടായിരുന്നു. കരുണ്‍ നായരെ തലേദിവസം പറഞ്ഞുവിട്ടതിനാൽ രണ്ടാംദിവസം ആദ്യ സെഷനിൽത്തന്നെ വിദർഭയെ മെരുക്കി പിന്നാലെ മെച്ചപ്പെട്ട സ്കോർ കണ്ടെത്തുക എന്നതായിരുന്നു കേരള ക്യാന്പിന്റെ തീരുമാനം.
പിച്ചിലെ ആനുകൂല്യവും പന്തിന്റെ തിളക്കവും പരമാവധി മുതലെടുത്ത ദർശൻ നൽക്കൊണ്ട ഓപ്പണർമാരായ അക്ഷയ് ചന്ദ്രനെയും രോഹനെയും വേഗത്തിൽ തിരിച്ചയച്ചുവെങ്കിലും ആദിത്യ സർവാതെയും ക്യാപ്റ്റൻ സച്ചിൻ ബേബിയും അടങ്ങുന്ന കൂട്ടുകെട്ട് ക്ലിക്കാകണമെന്നാണ് കേരളത്തിന്റെ പ്രാർഥന. സർവാതെക്കൊപ്പം ശ്രദ്ധയോടെ പൊരുതിയ അഹമ്മദ് ഇമ്രാനെ യഷ് ഠാക്കൂർ മടക്കിയത് കേരളത്തിന്റെ ആത്മവിശ്വാസത്തിൽ മങ്ങലേൽപ്പിച്ചുകഴിഞ്ഞു.
നാലിന് 254 എന്ന നിലയിൽ രണ്ടാംദിനം തുടങ്ങിയ വിദർഭയ്ക്കുവേണ്ടി നിതീഷിന്റെ ആദ്യപന്ത് അതിർത്തി കടത്ത് യാഷ് താക്കൂർ നിലപാട് പ്രഖ്യാപിച്ചു. അതിവേഗം റണ്‍സ് ഉയർത്താനുള്ള ശ്രമം അച്ചടക്കത്തോടെ പന്തെറിഞ്ഞ കേരള പേസ്പടയ്ക്കു മുന്നിൽ ഫലിച്ചില്ല. അവശേഷിച്ച ആറ് വിക്കറ്റുകൾ 125 റണ്‍സിനിടെ കേരളം സ്വന്തമാക്കുകയായിരുന്നു. ഒൻപതിന് 335 എന്ന നിലയിൽ നിന്ന് പത്താംവിക്കറ്റിൽ നചികേത് ഭൂട്ടെ-ഹർഷ് ദുബെ സഖ്യം നേടിയ 44 റണ്‍സിന്റെ ബലത്തിലാണ് സാമാന്യം ഭേദപ്പെട്ട നിലയിൽ വിദർഭ എത്തിയത്.
കേരളത്തിനുവേണ്ടി യുവതാരം ഏദൻ അപ്പിൾ ടോമും എം.ഡി. നിധീഷും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. ബേസിലിന്റെ രണ്ടു വിക്കറ്റും ജലജ് സക്സേനയുടെ ഏക വിക്കറ്റും കളിയിൽ നിർണായകമായി. ആദ്യദിനത്തിലെ സെഞ്ചുറി വീരൻ ഡാനിഷ് മലെവർ ഉൾപ്പെടെ നാലു വിക്കറ്റുകൾ ആദ്യസെഷനിൽത്തന്നെ കേരളം പിഴുതു. ഡാനിഷിനെയും യഷ് ഠാക്കൂറിനെയും യഷ് റാത്തോഡിനെയും അക്ഷയ് കർനേവാറിനെയും വെറും എട്ടു റണ്‍സിന്റെ ഇടവേളയിൽ തിരിച്ചയക്കുകയായിരുന്നു.
285 പന്ത് നേരിട്ട് മൂന്ന് സിക്സറുകളുടെയും 15 ബൗണ്ടറികളുടെയും അകന്പടിയോടെ 153 റണ്‍സ് അടിച്ചുകൂട്ടിയ മാലെവറാണ് ആദ്യം പുറത്തായത്. ഓഫ്സ്റ്റന്പിനു തൊട്ടുപുറത്തുകൂടി വെട്ടിത്തിരിഞ്ഞെത്തിയ ഒരു ഗുഡ്ലെംഗ്ത് ബോളിനുമുന്നിൽ ചുവടുപിഴച്ച മാലെവാർ പ്രതിരോധത്തിനു ശ്രമിച്ചുവെങ്കിലും ബാറ്റിനും പാഡിനും ഇടയിലൂടെ അത് വിക്കറ്റ് കടപുഴക്കിയാണ് അവസാനിച്ചത്. കളിയുടെ നൂറാം ഓവറിൽ യഷ് ഠാക്കൂറിനെയും ബേസിൽ നീക്കി. തൊട്ടടുത്ത ഓവറിൽ യഷ് റാത്തോഡിനെ ഏദൻ ആപ്പിളിന്റെ അതിവേഗ പന്ത് കീഴടക്കി.
പന്തിന്റെ ഗതി മനസിലാക്കാതെ പ്രതിരോധത്തിനുശ്രമിച്ച യഷ് റാത്തോഡ് ഒന്നാംസ്ലിപ്പിൽ രോഹൻ കുന്നുമ്മലിന്റെ സുരക്ഷിത കരങ്ങളിലെത്തുകയായിരുന്നു. തൊട്ടുപിന്നാലെ അക്ഷയ് കർനേവറിനെ രോഹന്റെ കൈകളിലെത്തിച്ച് ജലജ് സക്സേന അടുത്ത ആഘാതം നൽകി. രോഹന്റെ രണ്ട് പറക്കും ക്യാച്ചുകളും കരുണ്‍ നായരെ റണ്‍ഔട്ട് ആക്കിയ ത്രോയും വിദർഭയെ തളയ്ക്കുന്നതിൽ നിർണായകമായി.