ആദ്യദിനം വിദര്‍ഭ നാലിന് 254; ഡാനിഷ് മലെവാറിന് (138*) സെഞ്ചുറി
Thursday, February 27, 2025 2:15 AM IST
നാഗ്പുരില്‍നിന്ന് എ.വി. സുനില്‍ കുമാര്‍
ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രഖാഡെയെ എല്‍ബിഡബ്ല്യുവില്‍ കുടുക്കി എം.ഡി. നിതീഷ് സമ്മാനിച്ച സ്വപ്നതുല്യ തുടക്കം മുതലാക്കാന്‍ കേരളത്തിനായില്ല.
നാഗ്പുരിലെ ജാംത വിസിഎ സ്റ്റേഡിയത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യദിനം 12.5 ഓവറില്‍ മുന്നുവിക്കറ്റിന് 24 റണ്‍സ് എന്ന തകര്ച്ചയില്നിന്ന്് ഡാനിഷ് മലെവാര്‍-കരുണ്‍ നായര്‍ സഖ്യം നടത്തിയ രക്ഷാദൗത്യത്തിലൂടെ നാലിന് 239 എന്ന സുരക്ഷിതനിലയിലാണ് ആതിഥേയരായ വിദര്‍ഭ.
138 റണ്‍സുമായി ഡാനിഷ് മലെവാറും അഞ്ചു റണ്‍സുമായി യാഷ് താക്കുറുമാണ് ക്രീസില്‍. ഒന്നാംദിനം രണ്ടും മൂന്നും സെഷനുകള്‍ പൂര്‍ണമായും നിയന്ത്രിച്ച മലെവാര്‍-കരുണ്‍ സഖ്യം 215 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ എത്തിച്ചത്.
നേരത്തെ ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന് ബേബി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യദിനങ്ങളില്‍ പേസര്‍മാരെ സഹായിക്കുന്ന പതിവ് ഇത്തവണയും തെറ്റിക്കാത്ത പിച്ചില്‍ എം.ഡി. നിതീഷ് എറിഞ്ഞ രണ്ടാമത്തെ പന്ത് പ്രതിരോധിക്കാനാകാതെ പാര്‍ഥ് രേഖാഡെ കുഴങ്ങി. വിക്കറ്റിനുമുന്നില്‍ കുടുങ്ങിയ താരത്തിനായുള്ള കേരളത്തിന്റെ അപ്പീലിന് അമ്പയര്‍ വഴങ്ങിയില്ല. ഇതോടെ റിവ്യൂ ആവശ്യപ്പെട്ട സച്ചിനും സംഘത്തിനും അനുകൂല തീരുമാനം ലഭിക്കുകയായിരുന്നു.
പ്രധാനവിക്കറ്റുകള്‍ നഷ്ടപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തോടെ വിദര്‍ഭ ക്യാപ്റ്റന്‍ അക്ഷയ് വഡ്കര്‍ സ്ഥാനക്കയറ്റം നല്കി പറഞ്ഞയച്ച ദര്ശന് നല്കൊണ്ടയായിരുന്നു കേരളത്തിന്റെ അടുത്ത ഇര. ഏഴാം ഓവറില്‍ ഓഫ്സ്റ്റംപിനു പുറത്തുകൂടി പാഞ്ഞ നിതീഷിന്റെ പന്ത് ഡീപ്പ് സ്ക്വയര്‍ ലെഗിലേക്ക് തിരിച്ചുവിടാനുള്ള നല്കൊണ്ടയുടെ ശ്രമം പാളി.
ബേസിലിന് അനായാസ ക്യാച്ച് വഴങ്ങി മടങ്ങുമ്പോള്‍ 21 പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു നല്കൊണ്ടെയുടെ സമ്പാദ്യം. ആദ്യ നാല് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാതെയാണ് നിതീഷ് രണ്ടു വിക്കറ്റുകള്‍ പിഴുതത്. ഇതോടെ കടുത്ത പ്രതിരോധത്തിലേക്ക് വിദര്‍ഭ മടങ്ങി.
സ്കോര്‍ 24ല്‍ എത്തിയപ്പോള്‍ 35 പന്തുകള്‍ നേരിട്ട് 16 റണ്‍സെടുത്ത ധ്രുവ് ഷോറെയെ വരുണ്‍ നായനാര്‍ക്കു പകരമെത്തിയ കൗമാരതാരം ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കി. ഏഴാം ഓവറിന്റെ അവസാന പന്തില്‍ ഏദനെയും തൊട്ടടുത്ത ഓവറില്‍ നിതീഷിനെയും ബൗണ്ടറി കടത്തി ആക്രമണത്തിലേക്ക് തിരിയുകയായിരുന്നു ഷോറെ.
ഇതോടെ വിക്കറ്റ് ടു വിക്കറ്റിലേക്ക് കേരളം ലൈന്‍ മാറ്റിയതോടെ വിദര്‍ഭയുടെ സ്കോര്‍ മന്ദഗതിയിലായി. 13-ാം ഓവറില്‍ ഏദന്റെ ഓഫ് സ്റ്റമ്പിനു പുറത്തുകൂടിയുള്ള ഔട്ട്സിംഗറില് പാതിമനസോടെ ബാറ്റ് വച്ച ഷോറെ മുഹമ്മദ് അസറുദ്ദീന്റെ ഗ്ലൗസിലൊരുങ്ങുകയായിരുന്നു.
കളിയുടെ ഡ്രൈവിംഗ് സീറ്റ് ഇവിടെ നിന്ന് ഡാനിഷ് മലെവാര്‍-കരുണ്‍ നായര്‍ സഖ്യം ഏറ്റെടുക്കുന്ന കാഴ്ചയ്ക്കായിരുന്നു മൈതാനം പിന്നീട് സാക്ഷ്യം വഹിച്ചത്, അത് അവസാന സെഷനു തൊട്ടുമുമ്പ് വരെ തുടര്‍ന്നു.
82-ാം ഓവറില്‍ ന്യൂബോളുമായി ഏദന്‍ ആപ്പിള്‍ പന്തെറിയാനെത്തുമ്പോഴാണ് കേരളത്തിന് അപ്രതീക്ഷിത ഭാഗ്യം. നാലാമത്തെ പന്തില്‍ ലീവ് ചെയ്ത കരണ്‍ നായര്‍ക്ക് പന്തിന്റെ ഗതി മനസിലാക്കാനായില്ല. വിക്കറ്റിനും സ്ലിപ്പിനും ഇടയിലേക്ക് നീങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാനുള്ള ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ ശ്രമം പരാജയപ്പെട്ടതോടെ കരുണ്‍ നായര്‍ റണ്‍സിനു ശ്രമിച്ചെങ്കിലും മറുവശത്ത് നിന്ന് മലെവാര്‍ കോള്‍ സ്വീകരിച്ചില്ല.
തിരിച്ച് ക്രീസിലെത്താന്‍ കരുണ്‍ ശ്രമിക്കുമ്പോഴേക്കും റോഹന്‍ കുന്നുമ്മേലിന്റെ ത്രോ സ്റ്റംപ് തെറിപ്പിച്ചു. ബാറ്ററും ഫില്ഡര്മാരും ആശയക്കുഴപ്പത്തിലായ ആ നിമിഷത്തില്‍ സെഞ്ചുറി ലക്ഷ്യമാക്കി നീങ്ങിയ കരുണിനു നിരാശയോടെ മടക്കം. 188 പന്തില്‍ 86 റണ്‍സ് നേടിയാണ് കരുണ്‍ നായര്‍ തിരികെ നടന്നത്.
വിദര്‍ഭയുടെ മധ്യനിരയിലെ കരുത്തനായ അക്ഷയ് വഡ്കറും യാഷ് താക്കൂറും ഇനിയും ബാറ്റുചെയ്യാന്‍ അവശേഷിച്ചിരിക്കെ രണ്ടുദിവസം പേസര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചില്‍നിന്ന് പരമാവധി ആനുകൂല്യം നേടുന്നതിനാകും ഇന്നു കേരളം ശ്രമിക്കുക.
റണ്‍മല മുകളില്‍ മലെവാര
നാഗ്പുര്‍: മലയാളി ബൗളര്‍മാരോടു യുദ്ധംചെയ്ത് ഡാനിഷ് മലെവാര്‍ പടുത്തുയര്‍ത്തിയ റണ്‍മല രഞ്ജി കലാശപ്പോരില്‍ നിര്‍ണായകമായേക്കും. ഒന്നാംദിവസം കളി അവസാനിക്കുമ്പോള്‍ 259 പന്തുകള്‍ നേരിട്ട് 138 റണ്‍സോടെ മലെവാര്‍ അപരാജിതനായി തുടരുകയാണ്.
വിദര്‍ഭയിലെ പച്ചപ്പുനിറഞ്ഞ പിച്ചില്‍ ആക്രമണവും പ്രതിരോധവും ഒരുപോലെ സമന്വയിച്ച ഈ ഇരുപത്തൊന്നുകാരന് കലാശപ്പോരാട്ടത്തിലെ ആദ്യദിനം തന്റേതാക്കുകയായിരുന്നു.
ആദ്യ സെഷനില്‍ പൂര്‍ണമായും പ്രതിരോധത്തിലായ വിദര്‍ഭയ്ക്കുവേണ്ടി മലെവാറും മലയാളി കരുണ്‍ നായരും ചേര്‍ന്നു നടത്തിയ പ്രത്യാക്രമണം ആതിഥേയരെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവരികയായിരുന്നു. സീസണിലെ രണ്ടാം സെഞ്ചുറിയാണ് മലെവാര്‍ ഇന്നലെ പുര്‍ത്തിയാക്കിയത്. അതും അതിനിര്‍ണായക മത്സരത്തിലെ കരിയര്‍ബെസ്റ്റ് പ്രകടനത്തിലൂടെ.
തുടക്കത്തില്‍ പതറിയ വിദര്‍ഭയുടെ ഇന്നിംഗ്സിനെ ശ്രദ്ധാപൂര്‍വം ട്രാക്കിലെത്തിച്ചശേഷമാണ് ഡാനിഷ് വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചത്. ഇടംകൈയന്‍ സ്പിന്നര്‍ ആദിത്യ സര്വാതക്കെതിരേ സിക്സറിലൂടെ 99ലെത്തിയ ഡാനിഷ് തൊട്ടുപിന്നാലെ മിഡ് വിക്കറ്റിലൂടെ സുന്ദരമായൊരു ഫോറിലൂടെ സെഞ്ചുറി സ്വന്തമാക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിനെതിരേ നാഗ്പൂരിലായിരുന്നു ഡാനിഷിന്റെ രഞ്ജി അരങ്ങേറ്റം. മൂന്നാംനമ്പറില്‍ ബാറ്റ് ചെയ്ത ഡാനിഷ് രണ്ടാം ഇന്നിംഗ്സില്‍ 61 റണ്‍സ് നേടി സെലക്ടര്‍മാരുടെ പ്രതീക്ഷ കാത്തുസൂക്ഷിച്ചു. അടുത്ത മൂന്ന് ഇന്നിംഗ്സുകളില്‍ 56, 42, 59 എന്നിങ്ങനെ ഭേദപ്പെട്ട സ്കോറുകള്‍ കണ്ടെത്തി.
നാഗ്പുരില്‍ ഗുജറാത്തിനെതിരേ കന്നി സെഞ്ചുറി നേടി (115) ടീമില്‍ സ്ഥാനം ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ തമിഴ്നാടിനെതിരേ ആദ്യ ഇന്നിംഗ്സില്‍ 75 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്സില്‍ പൂജ്യനായി പുറത്തായി. സെമിഫൈനലില്‍ മുംബൈയ്ക്കെതിരേ 79, 9 എന്നിങ്ങനെ നിര്‍ണായക സംഭാവന നല്കി. ഒടുവില്‍ കലാശപ്പോരാട്ടത്തില്‍ കരിയര്‍ബെസ്റ്റ് പ്രകടനവും.
ക്രിക്കറ്റ് പ്രേമിയായ അച്ഛന് വിഷ്ണുവിന്റെ പ്രേരണയാണ് ക്രീസില്‍ ഉറച്ചുനില്ക്കാന് പ്രേരിപ്പിച്ചതെന്ന് മത്സരശേഷം ഡാനിഷ് പറഞ്ഞു. നാഗ്പുര്‍ സിറ്റി ജിംഖാനയിലൂടെയാണ് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് കടക്കുന്നത്. ഏഴാം യസില്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം തുടങ്ങിയ ഡാനിഷിന്റെ ലക്ഷ്യം എല്ലാ യുവതാരങ്ങളുടേതുംപോലെ ഇന്ത്യന്‍ ജഴ്സി തന്നെ.